എസ്.ഐ.ആർ അനാവശ്യമെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി റാവത്ത്; ബിഹാറിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ എണ്ണം 65 ലക്ഷം കവിയുമെന്നും മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: മരിച്ചവരോ കുടിയേറിയവരോ ആയ വോട്ടർമാരെ നീക്കം ചെയ്യുന്നതിന് പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) ആവശ്യമില്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത്. വോട്ടവകാശം നിഷേധിക്കപ്പെട്ട വോട്ടർമാരുടെ എണ്ണം തെരഞ്ഞെടുപ്പ് കമീഷൻ പ്രവചിച്ച 65 ലക്ഷത്തേക്കാൾ വളരെ കൂടുതലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ഇന്ത്യയിൽ നിയമവിരുദ്ധമായി വോട്ട് ചെയ്യുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ഡാറ്റ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുണ്ട്. നിയമവിരുദ്ധ വോട്ടർക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് ഫയൽ ചെയ്താൽ തെരഞ്ഞെടുപ്പ് കമീഷന് അതനുസരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന്’ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച ഒരു വെബിനാറിൽ സംസാരിക്കവേ റാവത്ത് പറഞ്ഞു. വോട്ടവകാശം നിഷേധിക്കപ്പെട്ട വോട്ടർമാരുടെ എണ്ണം പ്രവചിച്ചതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് മുൻ സി.ഇ.സി പറഞ്ഞു.
‘കുടിയേറ്റക്കാരും മരിച്ചവരുമായ വോട്ടർമാരെ കൈകാര്യം ചെയ്യാൻ ഇത് ഏറ്റവും നല്ല മാർഗമായിരുന്നില്ല. അവർക്ക് ധാരാളം സാമഗ്രികളുണ്ട്. ഏതു ഇരട്ട പോളും സ്ക്രീനിൽ ദൃശ്യമാകും. ജനസംഖ്യാ വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും പൊരുത്തപ്പെടുന്നുവെങ്കിൽ ഏത് മണ്ഡലമാണ് നിലനിർത്താൻ ആഗ്രഹിക്കുന്നതെന്ന് വോട്ടർമാരോട് ചോദിക്കാനും കഴിയും. ബാക്കി വരുന്ന കുറക്കും. 2023ൽ അത്തരമൊരു നടപടിക്രമം കർശനമായി നടത്തിയപ്പോൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞുവെന്നും റാവത്ത് പറഞ്ഞു.
ഈ വർഷം ജൂണിൽ പ്രഖ്യാപിച്ച എസ്.ഐ.ആർ കഴിഞ്ഞ മാസമാണ് നടപ്പിലാക്കിയത്. ഇതുവരെ 65 ലക്ഷത്തോളം വോട്ടർമാരെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു. രേഖകൾ നിരസിക്കപ്പെടുകയോ കൃത്യസമയത്ത് സമർപ്പിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന നിരവധി പേരുണ്ടാകും. ദിവസവേതന തൊഴിലാളികൾക്ക് ഒരു ദിവസത്തെ തൊഴിൽ കണ്ടെത്തുക എന്നത് മറ്റെന്തിനേക്കാളും പ്രധാനമാണ്. അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടും - റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഒരു സ്ഥാപനത്തിന്റെ മുഖമുദ്രയായി അതാര്യത മാറിയിരിക്കുന്നുവെന്ന് ബിഹാറിലെ കേന്ദ്ര പോൾ പാനലിന്റെ എസ്.ഐ.ആറിനെതിരെ ഹരജി നൽകിയവരിൽ ഒരാളായ ആർ.ജെ.ഡിയുടെ രാജ്യസഭാ എം.പി മനോജ് കുമാർ ഝാ പറഞ്ഞു.
‘ബിഹാറിൽ ഇത് വലിയൊരു കോളിളക്കം സൃഷ്ടിച്ചു എന്ന വസ്തുത സുപ്രീംകോടതി പരിശോധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കരടു വോട്ടർ പട്ടികയിൽ ആരാണ് ഏത് വിഭാഗത്തിൽ പെടുന്നത് എന്നതിനെക്കുറിച്ചുള്ള വർഗീകരണം ഇല്ല. എപിക് നമ്പർ നൽകിയിട്ടുമില്ല -ഝാ ആരോപിച്ചു. ഡിലീറ്റ് ചെയ്ത 40,000 പേരിൽ ഒരു പേര് അന്വേഷിക്കേണ്ടി വന്നാൽ എപിക് നമ്പർ ഇല്ലാതെ എങ്ങനെ അത് ചെയ്യും? വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ സമർപ്പിക്കേണ്ട രേഖകളിൽ ആധാർ, എപിക്, റേഷൻ കാർഡ് എന്നിവ പരിഗണിക്കാൻ ഇ.സി വിസമ്മതിച്ചതിലും ഝാ ആശങ്ക പ്രകടിപ്പിച്ചു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ലൈവായി സംപ്രേഷണം ചെയ്ത വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകൾ മോഷ്ടിക്കാൻ ബി.ജെ.പിയുമായി കൂട്ടുകൂടിയതിന്റെ ‘തെളിവുകൾ’ പങ്കുവെച്ചതിന് ഒരു മണിക്കൂറിന് ശേഷമാണ് ഝായുടെ പരാമർശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.