ബി.ജെ.പി അവകാശവാദങ്ങൾ പൊള്ളയെന്ന് പാർട്ടിവിട്ട മുൻ മന്ത്രി
text_fieldsഅഹ്മദാബാദ്: ഒരു വലിയ ആൽമരം അവിടെ വളർന്നു പന്തലിക്കുകയാണെന്നും അതിനുകീഴിൽ ഒന്നിനും വളരാൻ കഴിയില്ലെന്നും ഗുജറാത്തിൽ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ജയനാരായൺ വ്യാസ്. ഈ മാസമാദ്യം ബി.ജെ.പി വിട്ട വ്യാസിനെ തിങ്കളാഴ്ച അഹ്മദാബാദിൽ നടന്ന ചടങ്ങിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഔദ്യോഗികമായി സ്വീകരിച്ചു. 75കാരനായ വ്യാസിന്റെ മകൻ സമീർ വ്യാസും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ചടങ്ങിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം, രാഹുൽ ഗാന്ധിയെയും കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യെത്തയും പ്രശംസിച്ചു. 32 വർഷം കഴിഞ്ഞ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ദുഃഖമുണ്ടെന്നു പറഞ്ഞ അദ്ദേഹം, ബി.ജെ.പിയുടെ വിവിധ അവകാശവാദങ്ങളെ വിമർശിക്കുകയും ചെയ്തു.
ബോംബെ ഐ.ഐ.ടി പൂർവ വിദ്യാർഥിയായ ജയനാരായൺ വ്യാസ്, 2007ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടേറെ മുഖ്യമന്ത്രിമാരെയും 2021ൽ മുഴുവൻ മന്ത്രിമാരെയും മാറ്റിയ നടപടി സംസ്ഥാനത്തിന് ഗുണകരമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''കോൺഗ്രസിൽ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് പാർട്ടി അംഗങ്ങളാണ്, അല്ലാതെ ബി.ജെ.പിയെപ്പോലെ സംഘ്പരിവാറിന്റെ ഇടപെടലിലൂടെയല്ല'' -വ്യാസ് അഭിപ്രായപ്പെട്ടു.
നർമദ അണക്കെട്ട് പദ്ധതിയെക്കുറിച്ചുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തെ മുഴുവൻ വൻകിട അണക്കെട്ടുകളും 1960നു മുമ്പുതന്നെ തറക്കല്ലിട്ടവയാണെന്നും ചൂണ്ടിക്കാട്ടി. ''നർമദ പദ്ധതിയെക്കുറിച്ചുള്ള പ്രചാരണങ്ങളെല്ലാം കള്ളമാണ്. ഒരു കള്ളം ഒട്ടേറെത്തവണ പറഞ്ഞ് സത്യമാക്കി മാറ്റുകയാണിവിടെ. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന അമർസിങ് ചൗധരിയുടെ കാലത്താണ് അണക്കെട്ടിന്റെ 75 ശതമാനം കോൺക്രീറ്റും പൂർത്തിയാക്കിയത്. നർമദയുടെ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ചത് നെഹ്റുവും ഇന്ദി ഗാന്ധിയും രാജീവ് ഗാന്ധിയുമാണ്'' -വ്യാസ് വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.