പ്രവാസി കോവിഡ് പരിശോധന: പ്രായോഗിക പ്രയാസമെന്ന് കേന്ദ്രം
text_fieldsതിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രക്കുമുമ്പ് കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും രോഗികൾക്കായി വിമാനം ഏർപ്പെടുത്താൻ പരിമിതിയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം സംസ്ഥാന സർക്കാറിനെ അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കത്ത് ലഭിച്ചത്. കോവിഡ് പരിശോധന നടത്തി നെഗറ്റിവായ പ്രവാസികെള മാത്രം കൊണ്ടുവരണമെന്നും രോഗികൾക്ക് പ്രത്യേക വിമാനം അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാനത്തിെൻറ ആവശ്യം.
ചെലവ് കുറഞ്ഞ, ഒരു മണിക്കൂര് കൊണ്ട് ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയാണ് കേരളം മുന്നോട്ടുവെച്ചത്. സംസ്ഥാന ആവശ്യം തള്ളിയാണ് കേന്ദ്രത്തിെൻറ മറുപടി. പ്രവാസികൾക്ക് പ്രയാസമില്ലാത്ത വിധം എന്ത് ചെയ്യാനാകുമെന്ന് കേന്ദ്ര സർക്കാറുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ആവശ്യം എംബസികളുടെ പരിശോധനക്ക് വിട്ടിരുന്നു. റാപിഡ് ആൻറിബോഡി ടെസ്റ്റ് യു.എ.ഇയിൽ നടത്തുന്നുണ്ട്.
ഖത്തറിൽ പ്രത്യേക മൊബെൽ ആപ് ഉപയോഗിക്കുന്നു. കുവൈത്തിൽ രണ്ട് ടെർമിനലുകളിൽ മാത്രമാണ് ടെസ്റ്റ്. കൂടുതൽ ടെർമിനലിലേക്ക് വ്യാപിപ്പിക്കാനാകും. ആളൊന്നിന് 1000 രൂപ ചെലവ് വരും. ഒമാനിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് മാത്രമേയുള്ളൂ. സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചു. എന്നാൽ, ജൂൺ 25ന് ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ട്. സൗദിയിൽ റാപിഡ് ആൻറിബോഡി ടെസ്റ്റ് സർക്കാർ അംഗീകരിച്ചിട്ടില്ല. ബഹ്റൈനിലും ടെസ്റ്റിന് പ്രയാസമുെണ്ടന്ന് വിദേശകാര്യ മന്ത്രാലയത്തിെൻറ അറിയിപ്പിലുണ്ട്.
വിവിധ മാർഗത്തിൽ വരാൻ സാധ്യതയുണ്ട് എന്നതിനാലാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മലയാളികൾക്ക് സമാന നിബന്ധന ഏർപ്പെടുത്താത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വ്യവസ്ഥ 25ലാണ് പ്രാബല്യത്തിലാകുക. ഒരു ദിവസം കൂടിയാണ് സൗകര്യമൊരുക്കാൻ അവശേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.