ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം; നിർണായക തെളിവ് ലഭിച്ചെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം ചൊവ്വാഴ്ച വൈകീട്ടുണ്ടായ സ്ഫോടനം, 2021ലെ സ്ഫോടനത്തിന് സമാന സ്വഭാവമുള്ളതാണെന്ന് ഡൽഹി പൊലീസ്. മുമ്പ് സ്ഫോടനം നടന്ന അതേ സ്ഥലത്താണ് ഇത്തവണയും സ്ഫോടനമുണ്ടായതെന്നും പൊലീസ് പറയുന്നു.
സ്ഫോടനം നടന്ന് രണ്ട് ദിവസം പിന്നിട്ടും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ നിർണായക തെളിവ് ലഭിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സ്ഥലത്തെ ഒന്നിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ജാമിഅ നഗറിൽനിന്ന് ഓട്ടോറിക്ഷയിൽ വന്ന പ്രതിയെ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. സ്ഫോടനശബ്ദം കേട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ ഇതുവരെ ചോദ്യം ചെയതെന്നാണ് പൊലീസ് പറയുന്നത്. എംബസിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്.
ഡൽഹി എംബസിക്ക് സമീപം സ്ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കുപറ്റിയതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.