ഇന്ത്യക്ക് എഫ്-35 യുദ്ധവിമാനം കൈമാറും; പ്രതിരോധമേഖലയിൽ വൻ യു.എസ്-ഇന്ത്യ സഹകരണം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം വൈറ്റ്ഹൗസിൽ
വാഷിങ്ടൺ: അമേരിക്കയിൽനിന്നുള്ള വൻ സൈനികോപകരണ വ്യാപാരത്തിന് ഇന്ത്യയൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലെ ചർച്ചക്കുശേഷം ട്രംപ്തന്നെയാണ് ഇന്ത്യ എഫ്-35 യുദ്ധവിമാനം ഉൾപ്പെടെ യു.എസിൽനിന്ന് വാങ്ങാനൊരുങ്ങുന്നതായി അറിയിച്ചത്. എണ്ണ, വാതകം എന്നിവയുടെ ഇടപാടിലും വർധനയുണ്ടാകും. എന്നാൽ, വാഷിങ്ടണിന്റെ പുതിയ താരിഫ് നയത്തിൽനിന്ന് ഇന്ത്യക്കായി പ്രത്യേകിച്ച് ഒരു ഇളവും ലഭിക്കില്ല.
വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിലായിരുന്നു ട്രംപ്-മോദി കൂടിക്കാഴ്ച. ദീർഘമായ ഹസ്തദാനത്തിനും ആലിംഗനത്തിനും ശേഷം മോദിയെ ട്രംപ് തന്റെ ‘അടുത്ത സുഹൃത്തെ’ന്ന് വിശേഷിപ്പിച്ചു. മോദി ഗംഭീര വ്യക്തിയാണെന്നും തുടർന്നു. ചർച്ചക്കുശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ചില യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയ നികുതി വളരെയധികമാണെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യ എങ്ങനെ നികുതി ചുമത്തുന്നോ അതുപോലെ ഞങ്ങളും ചുമത്തും. ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണയും ഗ്യാസും നൽകുന്ന രാജ്യമാകും യു.എസ്. പ്രതിരോധരംഗത്തും സഹകരണം വർധിപ്പിക്കും. ദശലക്ഷങ്ങളുടെ ഇടപാടാണ് നടക്കുക. ഇന്ത്യക്ക് കൊടുക്കുന്ന എഫ്-35 വിമാനം ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ്.
ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും മുമ്പൊന്നുമില്ലാത്ത വിധം സഹകരിക്കും. ലോകത്തെ ഏറ്റവും ദുഷ്ടന്മാരിലൊരാളെ ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനമെടുത്തുകഴിഞ്ഞുവെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന തഹാവുർ റാണയെ കൈമാറാനുള്ള തീരുമാനം സംബന്ധിച്ച് ട്രംപ് പറഞ്ഞു. 2030ഓടെ ഇന്ത്യ-യു.എസ് വ്യാപാരം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ യു.എസ് സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് തുറക്കാനും ചർച്ചയിൽ വഴിയൊരുങ്ങി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ മോദി സ്വാഗതം ചെയ്തു.
ചൈനയും ഇന്ത്യയും റഷ്യയും യു.എസുമെല്ലാം നല്ല ബന്ധം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് പറഞ്ഞു.ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ അനുരഞ്ജനത്തിന് ശ്രമിക്കാൻ താൻ തയാറാണെന്ന ട്രംപിന്റെ അഭിപ്രായത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. ഇത്തരം കാര്യങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുകയെന്നതാണ് ഇന്ത്യൻ നയമെന്നും അതിൽ മൂന്നാം കക്ഷിയെ ഇടപെടുത്താറില്ലെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി പിന്നീട് പറഞ്ഞു.
യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാൾട്സ്, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാഡ്, വ്യവസായി ഇലോൺ മസ്ക്, റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി സംസാരിച്ചു. യു.എസ് പര്യടനം പൂർത്തിയാക്കി മോദി ഇന്ത്യയിലേക്ക് മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.