പോളിങ് ബൂത്തുകളിൽ മുഖം തിരിച്ചറിയൽ സംവിധാനം; സർക്കാറിനും കമീഷനും സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: വോട്ട് രേഖപ്പെടുത്തുന്നതിനുമുമ്പ് വോട്ടർമാരുടെ ബയോമെട്രിക് വിവരങ്ങളും മുഖം തിരിച്ചറിയൽ സംവിധാനവും പോളിങ് ബൂത്തുകളിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്ര സർക്കാറിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും പ്രതികരണം തേടി സുപ്രീംകോടതി.
ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത് നിലവിലെ ചട്ടങ്ങളിൽ മാറ്റംവരുത്തേണ്ടി വരുമെന്നും രാജ്യത്തിന്റെ ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കാനാവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിനോ ഭാവിയിലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾക്കോ ഇത്തരമൊരു മാർഗം സ്വീകരിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിർദേശിച്ചു.
ഹരജി പരിഗണിക്കാൻ വിമുഖത കാട്ടിയ കോടതി, ആദ്യം തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ ഹരജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. കമീഷൻ മറുപടി നൽകിയ ശേഷവും ധനമന്ത്രാലയം ബജറ്റ് അനുവദിക്കാതിരിക്കുകയോ സംസ്ഥാനങ്ങൾ സഹകരിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ, ഇപ്പോൾ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെയല്ല താൻ ഉദ്ദേശിക്കുന്നതെന്ന് ഹരജിക്കാരൻ വ്യക്തമാക്കിയതോടെ വിഷയം വിശദമായി പരിശോധിക്കാൻ കോടതി സമ്മതിക്കുകയായിരുന്നു. കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

