ഡൽഹിയിൽ കാന്‍സർ, കരൾ രോഗങ്ങൾ തുടങ്ങിയ ഗുരുതരരോഗങ്ങളുടെ വ്യാജ മരുന്നുകൾ നിർമ്മിച്ച് വിതരണം നടത്തിയിരുന്ന തട്ടിപ്പ് സംഘം പിടിയിൽ
text_fieldsന്യൂഡൽഹി: വ്യാജ മരുന്നുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന നാലംഗ സംഘം ഡൽഹി പൊലീസിന്‍റെ പിടിയിൽ. അർബുദം, കരൾ രോഗങ്ങൾ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകളാണ് ഇവർ വ്യാജമായി നിർമ്മിച്ചിരുന്നത്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നതായിരുന്നു ഈ സംഘത്തിന്റെ പ്രവർത്തനം.
മണിപ്പൂർ സ്വദേശിയായ മനോജ് കുമാർ മിശ്രയാണ് ഈ തട്ടിപ്പിന്റെ സൂത്രധാരൻ. കോവിഡ് കാലത്ത് സർജിക്കൽ ഗ്ലൗസ്, മാസ്ക് എന്നിവയുടെ ബിസിനസ് തകർന്നതോടെയാണ് ഇയാൾ ഈ വ്യാജ മരുന്ന് നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. `യൂണിറ്റൽ ഫാർമ' എന്ന പേരിൽ ഒരു വ്യാജ സ്ഥാപനം തുടങ്ങിയായിരുന്നു പ്രവർത്തനം. അത്യന്താധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ച് യഥാർഥ മരുന്നുകളെ വെല്ലുന്ന രീതിയിലുള്ള പാക്കേജിംഗ് ആണ് ഇവർ നടത്തിയിരുന്നത്. അതിനാൽ തന്നെ ഫാർമസിസ്റ്റുകൾക്കോ രോഗികൾക്കോ ഇവ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഈ കേസിൽ ആരോഗ്യമേഖലയിലെ ചില വിള്ളലുകളും പുറത്തുവന്നിട്ടുണ്ട്. വിക്രം സിംഗ്, വതൻ സൈനി തുടങ്ങിയവരാണ് കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതിയിൽ (സി.ജി.എച്ച്.എസ്) നിന്ന് യഥാർഥ മരുന്നുകൾ ചോർത്തി ഈ സംഘത്തിന് എത്തിച്ചുനൽകിയിരുന്നവർ.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. 90,000ലധികം കാപ്സ്യൂളുകൾ, മറ്റ് വ്യാജ ഗുളികകൾ, മരുന്ന് നിർമ്മാണത്തിനും പാക്കേജിംഗിനും ഉപയോഗിക്കുന്ന വലിയ യന്ത്രങ്ങൾ, കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ വ്യക്തമാക്കുന്ന രേഖകൾ, എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷമം പുരോഗമിക്കുകയാണ്. സർക്കാർ വിതരണ ശൃംഖലയിലുള്ളവരുടെ പങ്കാളിത്തം പുറത്തുവന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

