മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ എഐ വിഡിയോ: പ്രതിക്ക് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈകോടതി
text_fieldsവിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ വ്യാജ എഐ വിഡിയോകൾ നിർമിച്ച് പൊതുജനങ്ങളിൽ നിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ രാജസ്ഥാൻ സ്വദേശിക്ക് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈകോടതി. വെള്ളിയാഴ്ച ജസ്റ്റിസ് എൻ രമേശ് ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ ഇനി മുതൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
ജാമ്യത്തിനായി രണ്ട് ആൾജാമ്യങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അതിൽ ഒന്ന് രക്തബന്ധമുള്ള ആളുടെ ജാമ്യവും മറ്റൊന്ന് പ്രാദേശിക ജാമ്യവും ആയിരിക്കണം. 2026 സെപ്റ്റംബർ 12 മുതൽ ഹjജിക്കാരൻ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും കുറ്റപത്രം തയാറായതായും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ദിവസേന ഹാജരാകണമെന്ന ഉപാധിയോടെ ജാമ്യം അനുവദിക്കാൻ കോടതി തയാറായത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും ഐടി ആക്ടിലെ 66C, 66D വകുപ്പുകളും അനുസരിച്ചാണ് ഷിയാബു ഖാൻ എന്ന യുവാവിനെ 2026 സെപ്റ്റംബർ 12 ന് അറസ്റ്റ് ചെയ്തത്. "All India Help Vijay Thalapati", "All India Help" എന്നീ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി കൃത്രിമം കാണിച്ച വിഡിയോകളാണ് പ്രചരിപ്പിച്ചത്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഇതിനായി പൊതുജനങ്ങളിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ പണം ഈടാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾക്ക് തങ്ങളെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടായിരുന്നു സോഷ്യൽ മീഡിയ വഴി വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചത്.
ഹരജിക്കാരൻ ആദ്യം വിചാരണ കോടതിയെയാണ് ജാമ്യത്തിനായി സമീപിച്ചത്. തന്റെ സുഹൃത്താണ് വിഡിയോകൾ സൃഷ്ടിച്ചതെന്നും തന്റെ സെൽ നമ്പറും ഫേസ്ബുക്ക് ഐഡിയും ഉപയോഗിച്ചുവെന്നും സുഹൃത്താണ് തന്റെ ബാങ്ക് അക്കൗണ്ടും പ്രവർത്തിപ്പിച്ചിരുന്നതെന്നുമാണ് ഹരജിക്കാരന്‍റെ വാദം.
തട്ടിപ്പ് വിഡിയോകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ആരെയും വഞ്ചിക്കാനോ ആൾമാറാട്ടം നടത്താനോ ഉദ്ദേശമില്ലെന്നും ഹരജിക്കാരൻ പറഞ്ഞു. താൻ കേസിൽ തെറ്റായി ഉൾപ്പെടുത്തപ്പെടുകയായിരുന്നുവെന്ന് പ്രതി കോടതിയിൽ വാദിച്ചു. എന്നാൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 14ന് വിചാരണക്കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് പ്രതി ഹൈകോടതിയെ സമീപിച്ചത്.
കഴിഞ്ഞ 45 ദിവസത്തിലധികമായി താൻ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അന്വേഷണം പൂർത്തിയായെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. അതേസമയം, ഹരജിക്കാരന് ജാമ്യം നൽകുന്നതിനെ സർക്കാർ അഭിഭാഷക ശക്തമായി എതിർത്തു. വിജയ്‌യുടെ പേര് ദുരുപയോഗം ചെയ്ത് ഹരജിക്കാരൻ ആളുകളെ വഞ്ചിച്ചുവെന്നും, 16,000 രൂപ തട്ടിയെടുത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ കേസിലെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷം ഹൈകോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

