ഉത്തരാഖണ്ഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ കാർ നിയന്ത്രണം വിട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് തീർഥാടകർ മരിച്ചു. ഭൂപേന്ദ്ര സിംഗ് ചുഫാൽ (48), ഭാര്യ സീമ കൈദ ചുഫാൽ (45), ഇവരുടെ മകൻ വാസു ചുഫാൽ(19), 12 വയസ്സുള്ള മകൾ, ലഖ്നൗ സ്വദേശിയായ ഡ്രൈവർ അനുജ് കുമാർ മിശ്ര (34) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച നടന്ന അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ നിലവിൽ ചികിത്സയിലാണ്.
നൈനിറ്റാളിലെ ഭവാലി-സാനിറ്റോറിയം മോട്ടോർവേയിൽ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വാഹനം പൂർണ്ണമായും തകർന്ന നിലയിലായിരുന്നുവെന്ന് അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവർ ഒഴികെ ബാക്കിയെല്ലാവരും നൈനിറ്റാൾ സ്വദേശികളാണ്. അപകടം നടന്നതിന് പിന്നാലെ പൊലീസും പ്രാദേശിക ഭരണകൂടവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കാറ് താഴ്ചയിലേക്ക് മറിഞ്ഞതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങളും പരിക്കേറ്റയാളെയും പുറത്തെത്തിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

