കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരൻ; ശിക്ഷ ജനുവരി മൂന്നിന്
text_fieldsറാഞ്ചി: േദശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ച കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ജനുവരി മൂന്നിന് വിധിക്കും. മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം ആറുപേരെ റാഞ്ചിയിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ശിവ്പാൽ സിങ് വെറുതെവിട്ടു. ലാലു ഉൾപ്പെടെ 16 പേരെയാണ് കുറ്റക്കാരായി വിധിച്ചത്. കോടതിയിൽ ഹാജരായിരുന്ന ലാലുവിനെയും മറ്റു പ്രതികളെയും വിധിപ്രഖ്യാപനത്തിനുതൊട്ടുപിറകേ കസ്റ്റഡിയിലെടുത്ത് റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലടച്ചു. ആദ്യ കേസിൽ ശിക്ഷിക്കപ്പെട്ട ലാലു ജാമ്യത്തിലാണ്.
1991-96 കാലത്ത് വ്യാജ ബിൽ നൽകി ഡിയോഹർ ജില്ല ട്രഷറിയിൽനിന്ന് 89 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് വിധി. കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിനെതിരെ സി.ബി.െഎ രജിസ്റ്റർ ചെയ്ത ആറുകേസുകളിൽ രണ്ടാമേത്തതാണിത്. 34 പ്രതികളിൽ 11 പേർ വിചാരണവേളയിൽ മരിച്ചു. ഝാര്‍ഖണ്ഡിലെ സിങ്ങ്ഭൂം ജില്ലയിലെ ചായിബാസ ട്രഷറിയില്‍ നിന്ന് 37.5 കോടി തട്ടിയെന്ന ആദ്യ കേസിൽ, 2013ൽ അഞ്ചുവർഷം കഠിനതടവിനും 25 ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട ലാലുവിനെ ലോക്സഭതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. 87 ദിവസം ജയിലിൽ കിടന്ന അദ്ദേഹം സുപ്രീംകോടതി ജാമ്യം നൽകിയതോടെയാണ് പുറത്തിറങ്ങിയത്.
ആദ്യ കേസിലെ വിധിയെതുടർന്ന്, മറ്റ് കേസുകളിൽ ലാലുവിനെതിരായ വിചാരണ 2014ൽ ഝാർഖണ്ഡ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളെ, സമാനകേസുകളിൽ അതേ സാക്ഷികളുടെയും തെളിവുകളുടെയും പേരിൽ വീണ്ടും വിചാരണ ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേ. എന്നാൽ, പിന്നീട് സ്റ്റേ സുപ്രീംകോടതി നീക്കുകയും ലാലു വിചാരണ നേരിടണമെന്ന് വിധിക്കുകയുമായിരുന്നു. ആർ.ജെ.ഡി പ്രവർത്തകർ കോടതിയിൽ തിങ്ങിനിറഞ്ഞതിനെതുടർന്ന് കനത്ത സുരക്ഷാസന്നാഹത്തോടെയാണ് വിധി പ്രസ്താവിച്ചത്. നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നുപറഞ്ഞാണ് വിധി കേൾക്കാൻ ലാലു കോടതിയിലെത്തിയത്. 2ജി കേസിലും അശോക് ചവാെൻറ കേസിലും സംഭവിച്ചപോലെ ബി.ജെ.പിയുടെ ഗൂഢാലോചനയാണ് തനിക്കെതിരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ആർ.ജെ.ഡി നേതാവ് രഘുവംശ് പ്രസാദ് പറഞ്ഞു. ലാലുവിനെ കുറ്റക്കാരനാക്കുകയും മിശ്രയെ വെറുതെവിടുകയും ചെയ്ത വിധിയെ അദ്ദേഹം ചോദ്യം ചെയ്തു.
നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിങ്, ബാബാ സാഹേബ് അംബേദ്കർ എന്നിവർ അവരുടെ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടവരാണ്. ചരിത്രം ഇവരെ വില്ലന്മാരായാണ് മുദ്രകുത്തിയത്. പക്ഷപാതിത്വവും വംശീയതയും നിറഞ്ഞ മനസ്സുകൾക്ക് ഇവർ ഇന്നും വില്ലന്മാരാണ്. ഇതിൽനിന്ന് ഭിന്നമായ ഒരു പരിഗണനയും ആരും പ്രതീക്ഷിക്കേണ്ടതില്ല. ശക്തരും അവരുടെ വർഗവും സമൂഹത്തെ ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും വർഗമായി വിഭജിക്കും. താഴെത്തട്ടിലുള്ള ആരെങ്കിലും ഇതിനെ വെല്ലുവിളിച്ചാൽ അവർ ശിക്ഷിക്കപ്പെടും.
ലാലുപ്രസാദ് യാദവിെൻറ ട്വീറ്റ്
അതിനിടെ, കള്ളപ്പണം വെളുപ്പിച്ച കേസിൽ ലാലുവിെൻറ മകൾ മിസ ഭാരതിക്കും ഭർത്താവ് ശൈലേഷ് കുമാറിനുമെതിരെ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നൽകി. മിസയുടെയും ഭർത്താവിെൻറയും തെക്കൻഡൽഹിയിലെ ഫാം ഹൗസ് നേരേത്ത ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. 2008-09 കാലത്ത് ഫാം വിലക്കുവാങ്ങാൻ 1.2 കോടി രൂപ വെളിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. കടലാസ്കമ്പനികളുടെ മറവിൽ കോടിക്കണക്കിന് രൂപ തിരിമറി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുവിനെതിരായ വിധി വരുന്നതിനുതൊട്ടുമുമ്പായിരുന്നു ഇ.ഡി നടപടി.
കോളിളക്കമുണ്ടാക്കിയ കുംഭകോണം
1990-97 കാലത്ത് ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ 950 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. കാലിത്തീറ്റയും മരുന്നുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിെൻറ വ്യാജ ബിൽ ഹാജരാക്കി വിവിധ ട്രഷറികളിൽനിന്ന് പണം പിൻവലിച്ചെന്നാണ് ആരോപണം.
1996 ഏപ്രില്‍ 27നാണ് സി.ബി.ഐ പ്രാഥമിക കുറ്റപത്രം നല്‍കിയത്. പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജറാളിെൻറ സമ്മതം ലഭിച്ചതോടെ ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ 1997 മേയ് 10ന് ഗവര്‍ണര്‍ എ.ആർ. കിദ്വായി അനുമതിനൽകി. ഇതിെൻറ പേരിലാണ് ജനതാദളിനെ പിളര്‍ത്തി ലാലു രാഷ്ട്രീയ ജനതാദളിന് രൂപം നല്‍കിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ ഭാര്യ റാബ്റി ദേവിയെ ഭരണമേൽപിച്ചു. കുംഭകോണ കേസുകളിൽ 110 പ്രതികളാണുണ്ടായിരുന്നത്. വിചാരണക്കിടെ എട്ടുപേര്‍ മരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും മൃഗസംരക്ഷണ മന്ത്രിയുമായ ഭോലാറാം തൂഫാനിയും ഹരീഷ് ഖണ്ഡേല്‍വാലും ആത്മഹത്യ ചെയ്തു. മുന്‍ കേന്ദ്രമന്ത്രി ചന്ദ്രദേവ് പ്രസാദ് വര്‍മയും മരിച്ചവരില്‍ ഉള്‍പ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.