വിദേശ സംഭാവന; വരിഞ്ഞുമുറുക്കി കേന്ദ്രം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാറിതര സന്നദ്ധ സംഘടനകൾ (എൻ.ജി.ഒ) ക്കും അസോസിയേഷനുകൾക്കും വിദേശ സംഭാവനകൾ സ്വീകരിക്കാനും വിനിയോഗിക്കാനുമുള്ള ചട്ടങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) ചട്ടങ്ങൾ ഭേദഗതി വരുത്തി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. വിദേശ ഫണ്ടുകളുടെ വിനിയോഗത്തിൽ സുതാര്യത ഉറപ്പു വരുത്താനും ദുരുപയോഗം തടയാനുമാണ് ചട്ടങ്ങൾ കർശനമാക്കിയതെന്നാണ് സർക്കാറിന്‍റെ വിശദീകരണം.
സംഘടനകൾ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകണം. രജിസ്ട്രേഷന് ശ്രമിക്കുന്ന എൻ.ജി.ഒകൾ ഉദ്ദേശ്യമെന്താണെന്നും പ്രവർത്തന മേഖല ഉൾപ്പെടുന്ന സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ഏതാണെന്നും വ്യക്തമാക്കണം. ചട്ടങ്ങളുടെ അനുബന്ധത്തിൽ കൊടുത്ത പട്ടികയിൽനിന്ന് ഉദ്ദേശ്യങ്ങൾ എന്താണെന്ന് തിരഞ്ഞെടുക്കണം. ഉദ്ദേശ്യങ്ങളുടെ പട്ടികയിൽ മത, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക വിഭാഗങ്ങളാണ് ഉണ്ടായിരിക്കുക.
ആരാധനാലയങ്ങളുടെ നിർമാണം, മതബോധനം, ധ്യാനങ്ങൾ, പ്രഭാഷണങ്ങൾ, ഭക്തിഗാനങ്ങളുടെ പ്രചാരണം മുതലായ കാര്യങ്ങൾക്ക് വിദേശ ഫണ്ട് വിനിയോഗിക്കാൻ അനുമതിയുണ്ട്. മതപരിവർത്തന പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. 2026നുമുമ്പ് രജിസ്റ്റർ ചെയ്ത അസോസിയേഷനുകൾക്ക് പ്രവർത്തന ഉദ്ദേശ്യവും മേഖലയും വ്യക്തമാക്കാൻ ഒരു വർഷത്തെ സമയം അനുവദിക്കും. പ്രവർത്തനമേഖല മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അതനുസരിച്ച് രജിസ്ട്രേഷനിൽ മാറ്റം വരുത്താൻ 300 രൂപ അധികമായി അടക്കണം.
എൻ.ജി.ഒകൾ വ്യക്തമാക്കിയിട്ടുള്ള ഉദ്ദേശ്യങ്ങൾക്കായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ പത്ത് ലക്ഷം രൂപയെങ്കിലും വിദേശ സംഭാവനയിൽ നിന്ന് വിനിയോഗിച്ചിരിക്കണമെന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ.ജി.ഒകൾ എഫ്.സി.ആർ.എ രജിസ്ട്രേഷനോ പുതുക്കലിനോ നൽകുന്ന അപേക്ഷയിൽ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കാണിക്കണം. പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കാറുണ്ടോ എന്ന കാര്യവും വ്യക്തമാക്കണം. കഴിഞ്ഞ മാർച്ചിൽ സർക്കാർ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

