ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസിലേക്ക് മടങ്ങി വരാൻ തയ്യാറെന്ന് മുൻ ഗുജറാത്ത് മുഖ്യമന്ത്രി
text_fieldsശങ്കർസിംഗ് വഗേല
അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ശങ്കർസിംഗ് വഗേല. പാർട്ടി വിട്ട് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് എൺപത്തിയാറുകാരനായ വഗേലയുടെ 'ഘർ വാപസി' ചർച്ചകൾ സജീവമാകുന്നത്. എ.ഐ.സി.സി ഗുജറാത്ത് ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, ഗുജറാത്ത് പി.സി.സി അധ്യക്ഷൻ അമിത് ചാവ്ഡ, മുൻ കേന്ദ്രമന്ത്രി ഭരത്സിംഗ് സോളങ്കി എന്നിവരുമായി വഗേല പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി. എന്നാൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടക്കാനിരിക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത മാസം നടക്കാനിരിക്കുന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനും 2027 ഡിസംബറിലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഈ സുപ്രധാന രാഷ്ട്രീയ നീക്കം. പാർട്ടിയിൽ നിന്ന് വ്യക്തിപരമായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും, ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പങ്കാളിയാകുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും വഗേല കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന അവസരമായാണ് അദ്ദേഹം കാണുന്നത്. കോൺഗ്രസ് സഖ്യത്തിൽ എത്തിയില്ലെങ്കിൽ സ്വന്തം പാർട്ടിയായ 'പ്രജാ ശക്തി ഡെമോക്രാറ്റിക് പാർട്ടി'യെ (പി.എസ്.ഡി.പി) ശക്തിപ്പെടുത്തി ഒക്ടോബർ 2 മുതൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാന കോൺഗ്രസിൽ വിരുദ്ധ ചേരികൾ
വഗേലയുടെ തിരിച്ചുവരവ് വിഷയത്തിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. മാറ്റം ആഗ്രഹിക്കുന്ന നേതാക്കൾ വരുംദിവസങ്ങളിൽ കോൺഗ്രസിനൊപ്പം വേദി പങ്കിടുമെന്ന് സംസ്ഥാന അധ്യക്ഷൻ അമിത് ചാവ്ഡ വ്യക്തമാക്കുമ്പോൾ, 2017-ൽ പാർട്ടി വിട്ടപ്പോഴുള്ള പശ്ചാത്തലമാണ് ചില നേതാക്കളിൽ ആശങ്ക സൃഷ്ടിക്കുന്നത്.
2017-ൽ നിയമസഭാ പ്രതിപക്ഷ നേതാവായിരിക്കെ, തന്റെ 77-ാം ജന്മദിനത്തിലാണ് വഗേല പാർട്ടി വിട്ടത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന അഹമ്മദ് പട്ടേൽ കടുത്ത മത്സരത്തിനൊടുവിൽ വിജയിച്ച ചരിത്രപ്രസിദ്ധമായ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. അന്ന് പാർട്ടി എം.എൽ.എമാർ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി. എന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ ശക്തികളെയും ഒരുമിച്ച് നിർത്തണമെന്നാണ് വഗേലയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ പക്ഷം.
വഗേലയുടെ രാഷ്ട്രീയ ചരിത്രം
1990-കളിൽ ബി.ജെ.പി വിട്ട് രാഷ്ട്രീയ ജനതാ പാർട്ടി (ആർ.ജെ.പി) രൂപീകരിച്ച വഗേല, കോൺഗ്രസ് പിന്തുണയോടെയാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായത്. പിന്നീട് ആർ.ജെ.പി കോൺഗ്രസിൽ ലയിച്ചു. 2002-ലെ ഗോധ്ര കലാപത്തിന് ശേഷമുള്ള നിർണായക ഘട്ടത്തിൽ ഗുജറാത്ത് പി.സി.സി അധ്യക്ഷനായിരുന്ന അദ്ദേഹം, മൻമോഹൻ സിംഗ് സർക്കാരിൽ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017-ൽ കോൺഗ്രസ് വിട്ട ശേഷം ജൻവികൽപ് പാർട്ടി, എൻ.സി.പി എന്നിവയിൽ പ്രവർത്തിച്ച ശേഷമാണ് 2020-ൽ പി.എസ്.ഡി.പി രൂപീകരിച്ചത്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 12 എം.എൽ.എമാർ മാത്രമുള്ള സാഹചര്യത്തിൽ, വഗേലയുടെ സാന്നിധ്യം പ്രതിപക്ഷ നിരയ്ക്ക് ഗുണം ചെയ്യുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

