സത്യപാൽ മലികിനെ സി.ബി.ഐ ചോദ്യംചെയ്തു
text_fieldsന്യൂഡൽഹി: ഇൻഷുറൻസ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മലികിനെ സി.ബി.ഐ അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 11.45 ഓടെയാണ് സി.ബി.ഐ സംഘം ഡൽഹി ആർ.കെ. പുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. സത്യപാൽ മലിക് കേസിൽ പ്രതിയല്ലെന്നും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ആരാഞ്ഞതായും സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കി. ഏഴു മാസത്തിനിടെ രണ്ടാം തവണയാണ് മലികിനെ ചോദ്യംചെയ്യുന്നത്.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സർക്കാറിന് വീഴ്ചയുണ്ടായെന്നും ഈ വിഷയത്തിൽ മിണ്ടാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് നിർദേശിച്ചുവെന്നും സത്യപാൽ മലിക് പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് വൻകോളിളക്കമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും ചോദ്യംചെയ്യാൻ അദ്ദേഹത്തിന് സി.ബി.ഐ സമൻസ് നൽകിയത്. ‘സത്യം തുറന്നു പറഞ്ഞ് ഞാൻ ചിലരുടെ തെറ്റുകൾ തുറന്നുകാട്ടിയതുകൊണ്ടായിരിക്കാം വിളിപ്പിച്ചതെന്ന്’ ചോദ്യംചെയ്യലിന് ശേഷം സത്യപാൽ മലിക് ട്വീറ്റ് ചെയ്തു. ഞാൻ കർഷകന്റെ മകനാണ്. എനിക്ക് ഭയമില്ല. സത്യത്തോടൊപ്പം നിൽക്കും.’ അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപാൽ മലികിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സി.ബി.ഐ രണ്ടു കേസുകളെടുത്തിരുന്നു. ഗവർണറായിരുന്നപ്പോൾ സർക്കാർ ജീവനക്കാരുടെ ഗ്രൂപ് ഇൻഷുറൻസിനും 2,200 കോടിയുടെ കിറു ജലവൈദ്യുതി പദ്ധതിക്കും കരാർ നൽകിയാൽ 300 കോടി രൂപ തനിക്ക് കൈക്കൂലി വാഗ്ദാനമുണ്ടായിരുന്നുവെന്നായിരുന്നു മലിക് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് ഗ്രൂപ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ റിലയൻസ് ജനറൽ ഇൻഷുറൻസിനും ട്രിനിറ്റി റീഇൻഷുറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡിനുമെതിരെ കേസെടുത്തിരുന്നു. 2018ൽ അനുമതി നൽകിയ ഗ്രൂപ് ഇൻഷുറൻസ് പദ്ധതി സർക്കാർ പിന്നീട് റദ്ദാക്കി.
ജമ്മു-കശ്മീർ ധനകാര്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പദവി ദുരുപയോഗംചെയ്ത് ട്രിനിറ്റി റീ ഇൻഷുറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡുമായും റിലയൻസ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡുമായും ചില സ്വകാര്യ വ്യക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആദ്യത്തെ കേസ്.
2019ൽ കിറു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കരാർ നൽകിയതിൽ അഴിമതി നടത്തിയതിനാണ് രണ്ടാമത്തെ കേസെടുത്തത്.
കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ നവീൻ കുമാർ ചൗധരി, ചെനാബ് വാലി പവർ പ്രൊജക്ട്സ് ലിമിറ്റഡ് മുൻ ചെയർമാൻ എം.എസ്. ബാബു, മുൻ മാനേജിങ് ഡയറക്ടർ എം.കെ. മിത്തൽ, പട്ടേൽ എൻജിനീയറിങ് ഡയറക്ടർ അരുൺകുമാർ മിശ്ര എന്നിവർക്കെതിരെയാണ് സി.ബി.ഐ കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.