ഉൾഫ മുൻ കമാൻഡറും എ.എ.പി മുൻ അധ്യക്ഷനും അസം ബി.ജെ.പിയിൽ
text_fieldsഗുവാഹത്തി: വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദ സംഘടനയായ ഉൾഫയുടെ മുൻ കമാൻഡർ ഇൻ ചീഫ് ദൃഷ്ടി രാജ്ഖോവ, എ.എ.പി അസം യൂനിറ്റ് മുൻ അധ്യക്ഷൻ മനോജ് ധനോവർ എന്നിവർ ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രമുഖരെ ബി.ജെ.പി തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് അമ്പതോളം പേര്‍ വ്യാഴാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പിക്കുവേണ്ടി മത്സരിച്ചയാളാണ് ധനോവര്‍. 1988ലാണ് ദൃഷ്ടി രാജ്ഖോവ ഉൾഫയിൽ ചേർന്നത്. മ്യാൻമർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഇയാൾ ആയുധ പരിശീലനം നേടിയിരുന്നതായാണ് വിവരം. 2020-ൽ മേഘാലയയിൽ സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. 1990 മുതൽ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘനയായിരുന്നു ഉൾഫ. ഗുവാഹത്തിയിലെ പാര്‍ട്ടി ആസ്ഥാനമായ അടല്‍ ബിഹാരി വാജ്‌പേയി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇവര്‍ അംഗത്വമെടുത്തത്.
പാർട്ടിയിൽ ചേർന്നവരിൽ ഭൂരിഭാഗവും കോൺഗ്രസിൽനിന്നും മറ്റ് പ്രാദേശിക പാർട്ടികളിൽനിന്നും വന്നവരാണെന്നും ഇവർ രാജ്യത്തെ സേവിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അസം ബി.ജെ.പി അധ്യക്ഷൻ ദിലീപ് സൈക്കിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും നേതൃത്വത്തിൽ അസമിന്റെ സ്വത്വം സംരക്ഷിക്കപ്പെടണമെന്ന പൊതുകാഴ്ചപ്പാട് പങ്കുവെക്കുന്നവരാണിവർ. ജനങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടണം, നമ്മുടെ ഭൂമിയും വിപണികളും നമ്മുടെ കൈകളിൽ തന്നെ നിലനിൽക്കണം. ഇന്ന് തങ്ങളോടൊപ്പം ചേർന്നവർ ജനങ്ങളെയും മാതൃരാജ്യത്തെയും സേവിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും ദിലീപ് സൈക്കിയ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.