മുതിർന്ന കോൺഗ്രസ് നേതാവ് ജാഫർ ഷരീഫ് അന്തരിച്ചു
text_fieldsബംഗളൂരു: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.കെ. ജാഫർ ഷരീഫ് (85) അന്തരിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് പോകാൻ ഒരുങ്ങവേ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
1980ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയും 1991 മുതൽ 1995 വരെ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയുമായിരുന്നു. എ.െഎ.സി.സി ജനറൽ സെക്രട്ടറി, ന്യൂനപക്ഷ കമ്മിറ്റി ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്.
എട്ടുതവണ ലോക്സഭാംഗമായിരുന്നു. 1933 നവംബർ മൂന്നിന് ചിത്ര ദുർഗ ജില്ലയിലെ ചെല്ലക്കരെയിൽ കരീം സാഹിബിെൻറയും സഹ്റ ബീവിയുടെയും മകനായാണ് ജനനം. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേർന്നു.
1971ൽ കനക്പുരയിൽനിന്നാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബംഗളൂരു നോർത്ത് മണ്ഡലത്തിൽനിന്ന് പിന്നീട് തുടർച്ചയായി ഏഴുതവണ ലോക്സഭാംഗമായ അദ്ദേഹം 2009ലാണ് അവസാനമായി മത്സരിച്ചത്.
ഭാര്യയും രണ്ട് ആൺമക്കളും നേരത്തേ മരിച്ചു. രണ്ടു പെൺമക്കൾ കൂടിയുണ്ട്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ബംഗളൂരു ഖുദ്ദൂസ് സാഹിബ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.