തമിഴ്നാട്ടിൽ ചതുഷ്കോണ മത്സരം; ഡി.എം.കെ മുന്നണിക്ക് ഗുണകരമാവുമെന്ന് അനുമാനം
text_fieldsചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ചതുഷ്കോണ മത്സരസാധ്യതയേറി. 15 പാർട്ടികൾ ഉൾപ്പെടുന്ന ഡി.എം.കെ മുന്നണിയും ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യവും ടി.വി.കെയും സീമാന്റെ നാം തമിഴർ കക്ഷിയും തമ്മിലായിരിക്കും മുഖ്യമത്സരം. ഇത് ഡി.എം.കെ മുന്നണിക്ക് ഗുണകരമാവും.
ചെന്നൈ പനയൂരിൽ പാർട്ടി നിർവാഹക സമിതിയോഗത്തിൽ മുഖ്യ രാഷ്ട്രീയ എതിരാളി ഡി.എം.കെയും പ്രത്യയശാസ്ത്ര ശത്രു ബി.ജെ.പിയുമായിരിക്കുമെന്നും വിജയ് ആവർത്തിച്ചു. ഡി.എം.കെ, ബി.ജെ.പി കക്ഷികളുമായി നേരിട്ടോ പരോക്ഷമായോ സഖ്യമുണ്ടാക്കില്ലെന്നും പ്രഖ്യാപിച്ചു. ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന വിഷലിപ്തമായ ബി.ജെ.പിയുടെ നീക്കം തമിഴ്നാട്ടിൽ വിലപ്പോവില്ലെന്നും ഹിന്ദിയും സംസ്കൃതവും അടിച്ചേൽപിക്കുന്നത് അംഗീകരിക്കില്ലെന്നും വിജയ് പറഞ്ഞു.
അതേസമയം, ബി.ജെ.പിയുമായി സഖ്യ സാധ്യത തള്ളി വിജയ് നടത്തിയ പ്രഖ്യാപനം ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികളെ നിരാശയിലാഴ്ത്തി. ടി.വി.കെയെ എൻ.ഡി.എയിലെത്തിക്കാനുള്ള നീക്കം അണിയറയിൽ നടന്നിരുന്നു. പൊതുശത്രുവായ ഡി.എം.കെയെ ഭരണത്തിൽനിന്ന് അകറ്റുകയെന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിക്കണമെന്നാണ് ബി.ജെ.പി, അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ പറഞ്ഞിരുന്നത്.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ടി.വി.കെയെ എൻ.ഡി.എയിലേക്ക് ക്ഷണിച്ചിരുന്നു. അണ്ണാ ഡി.എം.കെയുടെ ദൂതന്മാരും വിജയിയെ രഹസ്യമായി ബന്ധപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി.കെ 15 ശതമാനം വോട്ടെങ്കിലും നേടുമെന്നാണ് വിലയിരുത്തൽ. ടി.വി.കെ കൂടി എൻ.ഡി.എയിൽ അണിനിരന്നാൽ ഡി.എം.കെ സഖ്യത്തെ തറപറ്റിക്കാമെന്നായിരുന്നു അമിത് ഷാ ഉൾപ്പെടെബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.