ചരക്ക് വിമാനത്തിൽ നാല് ആനകൾ ബംഗളൂരുവിൽനിന്ന് ജപ്പാനിലേക്ക് പറന്നു
text_fieldsബംഗളൂരു: ചരക്ക് വിമാനത്തിൽ ബന്നാർഘട്ട ദേശീയപാർക്കിലെ നാല് ആനകൾ ജപ്പാനിലേക്ക് പറന്നു. സുരേഷ് (എട്ട് വയസ്സ്), ഗൗരി (ഒമ്പത്), ശ്രുതി (ഏഴ്), തുളസി (അഞ്ച്) എന്നീ നാല് ആനകളെയാണ് ഇരുമ്പ് കൂടുകളിൽ വിമാനത്തിൽ കയറ്റിയത്.
ദേശീയ മൃഗശാലാ അതോറിറ്റിയുടെ ആനിമൽ എക്‌സ്‌ചേഞ്ച് പരിപാടിവഴിയാണ് ആനകളുടെ വിദേശയാത്ര. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേസിന്റെ ബി 777-200 നമ്പർ കാർഗോ വിമാനത്തിലാണ് ഇവരുടെ സഞ്ചാരം. ജപ്പാനിലെ ഒസാകയിലുള്ള കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 20 മണിക്കൂറാണ് യാത്രാ ദൈർഘ്യം.
രണ്ട് വെറ്ററിനറി സർജന്മാർ, നാല് ആനകളുടെയും പാപ്പാന്മാർ, സൂപ്പർവൈസർ, ബയോളജിസ്റ്റ് എന്നിവരും സംഘത്തിലുണ്ട്. വിമാനയാത്രക്കും വിദേശവാസത്തിനും പരിശീലനംനൽകിയശേഷമാണ് ആനകളെ യാത്രയാക്കിയത്.
ഇതാദ്യമായാണ് ബന്നാർഘട്ട പാർക്കിൽനിന്ന് ആനകളെ വിദേശത്തേക്കയക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആനകൾക്ക് പകരം നാല് ചെമ്പുലികളും നാല് അമേരിക്കൻ കടുവകളും നാല് അമേരിക്കൻ സിംഹങ്ങളും മൂന്ന് ചിമ്പാൻസികളും എട്ട് കപ്പൂച്ചിൻ കുരങ്ങുകളും ബന്നാർഘട്ട താവളമാക്കാനെത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.