തൊഴിലില്ലായ്മ മുതൽ ഫെഡറലിസം വരെ; സ്വാതന്ത്ര്യദിനത്തിൽ കേന്ദ്രത്തിനു മുന്നിൽ 79 നിർദേശങ്ങളുമായി ഡെറിക് ഒബ്രിയോൺ
text_fieldsന്യൂഡൽഹി: 79-ാം സ്വാതന്ത്ര്യദിനത്തിൽ, തൊഴിലില്ലായ്മ മുതൽ ഫെഡറലിസം വരെയുള്ള വിഷയങ്ങളിൽ 79 നിർദേശങ്ങൾ കേന്ദ്ര സർക്കാറിനു മുന്നിൽ വെച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയോൺ. ബിഹാറിലെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‍കരണം സർക്കാർ പിൻവലിക്കണമെന്നും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിന വേളയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ തൃണമൂൽ രാജ്യസഭാ നേതാവ് ആരോഗ്യം, വിദ്യാഭ്യാസം, ലിംഗവിവേചനം, സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, പാർലമെന്റ്, നിയമങ്ങൾ എന്നിവയെക്കുറിച്ചും നിർദേശങ്ങൾ നൽകി.
‘ഇന്ത്യ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, കേന്ദ്ര സർക്കാറിനുള്ള 79 നിർദേശങ്ങൾ ഇതാ. ഇവ ആരോഗ്യം, വിദ്യാഭ്യാസം, നിയമം എന്നിവയുൾപ്പെടെയുള്ള മേഖലകളിലേക്കുള്ളതാണ്’ എന്ന് അദ്ദേഹം ‘എക്സി’ലും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം മൂന്ന് പ്രധാന നിർദേശങ്ങളും നൽകി. പാർലമെന്റിൽ ചോദ്യത്തിന് ഉത്തരം നൽകുക, പത്രസമ്മേളനം നടത്തുക, മണിപ്പൂർ സന്ദർശിക്കുക എന്നിവയായിരുന്നു അത്.
ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മണിപ്പൂരിലെ അസ്വസ്ഥതകൾ സർക്കാർ പരിഹരിക്കണമെന്നും ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകണമെന്നും പശ്ചിമ ബംഗാളിന് തൊഴിലുറപ്പു പദ്ധതി, പി.എം.എ.വൈ.ജി എന്നിവക്ക് കീഴിലുള്ള കുടിശ്ശിക പേയ്‌മെന്റുകൾ പരിഹരിക്കണമെന്നും തൃണമൂൽ എം.പി പറഞ്ഞു.
നോട്ടു നിരോധനം ഒരു പരാജയമാണെന്ന് സർക്കാർ സമ്മതിക്കണം, അഗ്നിപഥ് പദ്ധതി പിൻവലിക്കണം, ബിഹാറിലെ എസ്.ഐ.ആർ പിൻവലിക്കണം. തെഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ എന്നിവരുടെ വേതനം വർധിപ്പിക്കണം. ഇ.ഡിയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കരുതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.