ഗൗരി ലേങ്കഷ് വധം: ഫാഷിസ്റ്റ് ഭീകരതക്കെതിരെ ഡൽഹിയിൽ മാർച്ച്
text_fieldsന്യൂഡൽഹി: കന്നട മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട് ഒരുമാസം തികഞ്ഞ വ്യാഴാഴ്ച ഫാഷിസ്റ്റ് ഭീകരതക്കെതിരെ ഡൽഹിയിൽ സംയുക്ത മാർച്ച്.
ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മണ്ഡി ഹൗസിൽനിന്ന് ജന്തർമന്തറിലേക്ക് നടത്തിയ മാർച്ചിൽ മാധ്യമപ്രവർത്തകർക്കുപുറമെ വിവിധ ട്രേഡ് യൂനിയനുകളും യുവജന-വിദ്യാർഥി സംഘടനകളും സർവകലാശാല വിദ്യാർഥികളും മറ്റും ഉൾപ്പെടെ നൂറുകണക്കിനുപേർ അണിനിരന്നു.
മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയാർ, പ്രശാന്ത് ഭൂഷൺ, ടീസ്റ്റ സെറ്റൽവാദ്, ആനിരാജ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും അക്രമങ്ങൾ വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ബുധനാഴ്ച മാധ്യമപ്രവർത്തകരുടെ സംഘടനകൾ സംയുക്തമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ചയും നടത്തി. മാധ്യമ പ്രവർത്തകരുടെ ജീവനും തൊഴിലിനും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നിയമനിർമാണമടക്കം നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.