Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബ്രഹ്മോസിന് ആഗോള ഡിമാൻഡ്; അടുത്ത തലമുറ മിസൈൽ ഉടൻ

text_fields
bookmark_border
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബ്രഹ്മോസിന് ആഗോള ഡിമാൻഡ്; അടുത്ത തലമുറ മിസൈൽ ഉടൻ
cancel

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ യുദ്ധരംഗത്ത് പരീക്ഷിക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന് അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡെന്ന് ബ്രഹ്മോസ് എയ്റോസ്പേസ് സി.ഇ.ഒ ഡോ. ജയതീർത്ഥ് ആർ. ജോഷി. ഇന്ത്യ ടുഡേയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസിനായി വിവിധ രാജ്യങ്ങളിൽനിന്ന് വലിയ താൽപര്യമാണ് ലഭിക്കുന്നതെന്ന് ജോഷി പറഞ്ഞു. ഫിലിപ്പീൻസാണ് ബ്രഹ്മോസിന്റെ ആദ്യ വിദേശ ഉപഭോക്താവ്. പിന്നാലെ വിയറ്റ്നാമും ഇന്തോനേഷ്യയും ഉപഭോക്താക്കളായെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറിനിടെ ആദ്യമായാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ യുദ്ധത്തിൽ ഉപയോഗിച്ചത്. പാകിസ്താനിലെ വ്യോമതാവളങ്ങളും പ്രധാന സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടത്തിയ കൃത്യമായ ആക്രമണങ്ങളിൽ മിസൈൽ ഉപയോഗിച്ചു. സുഖോയ്-30എംകെഐ യുദ്ധവിമാനങ്ങളിൽനിന്നാണ് വ്യോമസേന ബ്രഹ്മോസ് വിക്ഷേപിച്ചത്.

മിസൈലിന്റെ കൃത്യതയും ശത്രുവിന്റെ റഡാറുകളെ മറികടന്ന് ലക്ഷ്യത്തിലെത്താനുള്ള ശേഷിയും ഓപ്പറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടതായി ജോഷി പറഞ്ഞു. “ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള മിസൈലായി മാറി” എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂറിനിടെ ആദ്യമായി കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനാ വിഭാഗങ്ങളും ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൽ സജ്ജമായിരുന്നുവെന്നും ജോഷി വെളിപ്പെടുത്തി. കരയിൽനിന്നും യുദ്ധക്കപ്പലുകളിൽനിന്നും യുദ്ധവിമാനങ്ങളിൽനിന്നും മിസൈൽ വിക്ഷേപിക്കാനാകുന്നതാണ് ബ്രഹ്മോസിന്റെ പ്രധാന സവിശേഷത.

അടുത്ത തലമുറ ബ്രഹ്മോസ് വരുന്നു

ബ്രഹ്മോസിനെ പൂർണമായും തദ്ദേശീയമാക്കുന്നതിനും മിസൈലിന്റെ ശേഷിയും പരിധിയും വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ജോഷി പറഞ്ഞു. സുഖോയ്-30എംകെഐ യുദ്ധവിമാനങ്ങളിൽ വിന്യസിക്കാനുള്ള അടുത്ത തലമുറ ബ്രഹ്മോസ് പതിപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

നിലവിൽ പിലാനി, നാഗ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലാണ് ബ്രഹ്മോസ് മിസൈലുകളുടെ നിർമാണ കേന്ദ്രങ്ങൾ. 300-ലേറെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പിന്തുണയും കമ്പനിക്കുണ്ട്. അതേസമയം, റഷ്യൻ സായുധസേനക്ക് ബ്രഹ്മോസ് മിസൈലുകൾ നൽകുന്നതിനും ഇന്ത്യ തയ്യാറാണെന്ന് ജോഷി പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സർക്കാർതല കരാറിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Global demand for Brahmos surges after Operation Sindoor; next-gen missile soon
Next Story