Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.ജി.എഫിൽ ഖനനം...

കെ.ജി.എഫിൽ ഖനനം പുനരാരംഭിക്കാനുള്ള കേന്ദ്ര നീക്കത്തിന് കർണാടകയുടെ അനുമതി

text_fields
bookmark_border
കെ.ജി.എഫിൽ ഖനനം പുനരാരംഭിക്കാനുള്ള കേന്ദ്ര നീക്കത്തിന് കർണാടകയുടെ അനുമതി
cancel

ബംഗളൂരു: കോലാർ ജില്ലയിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെ.ജി.എഫ്) ഖനനം പുനരാരംഭിക്കാനുള്ള കേന്ദ്ര നീക്കത്തിന് കർണാടക സർക്കാർ അനുമതി നൽകി. കഴിഞ്ഞ ദിവസംചേർന്ന മന്ത്രിസഭ യോഗമാണ് ഖനനാനുമതി നൽകിയത്. കെ.ജി.എഫിൽ ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡിന് കീഴിലെ1,003.4 ഏക്കറിലായി സ്ഥിതി ചെയ്യുന്ന 13 ഖനികളിലാണ് ഖനനം പുനരാരംഭിക്കാനൊരുങ്ങുന്നത്.

മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ (എം.എം.ഡി.ആർ) ആക്ട് പ്രകാരം, ഇത്തരം ഖനനത്തിന് അതത് സംസ്ഥാന സർക്കാറുകളുടെ പ്രത്യേക അനുമതി കൂടി ആവശ്യമാണ്. അതിനാൽ, അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചതായി നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഖനനം പുനരാരംഭിക്കുന്നതോടെ സ്വാഭാവികമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പ്രവർത്തനം നിർത്തിയ ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡിന് (ബി.ജി.എം.എൽ) കീഴിലെ 2330 ഏക്കർ ഭൂമി വ്യവസായ ടൗൺഷിപ്പ് നിർമിക്കാൻ കൈമാറണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം നിലനിൽക്കെയാണ് കേന്ദ്ര സർക്കാർ ഖനന നടപടികളുമായി മുന്നോട്ടുവരുന്നത്. 2022-23 വർഷം വരെയുള്ള കണക്കുപ്രകാരം, ബി.ജി.എം.എല്ലിന് കർണാടക സർക്കാറിന് 75.24 കോടി രൂപ കടബാധ്യതയുണ്ട്. ഈ തുക സംസ്ഥാനത്തിന് തിരിച്ചടക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അല്ലാത്ത പക്ഷം പരസ്പര കൈമാറ്റമെന്ന നിലയിൽ പകരം ഭൂമി നൽകാൻ ആവശ്യപ്പെടുമെന്നും മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.

രണ്ടു പതിറ്റാ​ണ്ടോളമായി കോലാർ ഗോൾഡ് ഫീൽഡിൽ സ്വർണ ഖനനം അവസാനിപ്പിച്ചിട്ട്. കഴിഞ്ഞ മോദി സർക്കാറിന്റെ കാലത്ത് ഖനന മന്ത്രിയായിരുന്ന പ്രൾഹാദ് ജോഷി ഭാരത് ഗേൾഡ് മൈൻസ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് 2020 ൽ പ്രഖ്യാപനം നടത്തിയിരുന്നു. സാധ്യത പഠനത്തിനായി മിനറൽസ് എക്സ്‍പ്ലോറേഷൻ കോർപറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവരുടെ പ്രാഥമിക പഠന പ്രകാരം, പുതിയ സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഖനനം ലാഭകരമായിരിക്കുമെന്നാണ് റിപ്പോർട്ട്. കെ.ജി.എഫിന്റെ തെക്കുഭാഗവും തെക്കുകിഴക്ക് ഭാഗവുമാണ് ഖനനത്തിന് ഏറ്റവും പറ്റിയതെന്നാണ് കണ്ടെത്തൽ.

2001 ഫെബ്രുവരി 28നാണ് കെ.ജി.എഫിൽ പൂർണമായും ഖനനം നിർത്തിവെക്കുന്നത്. കുഴിച്ചെടുക്കുന്ന സ്വർണ അയിരുകൾ സംസ്കരിക്കുന്നതിനുള്ള ചെലവും സംസ്കരിച്ചെടുത്ത സ്വർണത്തിന്റെ മൂല്യവും ഒത്തുനോക്കുമ്പോൾ ചെലവ് വർധിച്ചതോടെയാണ് ഖനനം നിർത്തിയത്. മാർക്കറ്റ് മൂല്യത്തെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവിടത്തെ സ്വർണം റിസർവ് ബാങ്കിന് മാത്രമായി വിറ്റിരുന്നത്.

പുതിയ സാ​ങ്കേതിക വിദ്യയായ ലേസർ മെനിങ് ടെക്നോളജി ഉപയോഗിച്ച് ഖനനം നടത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇത് മുമ്പത്തെതിലും ചെലവുകുറക്കുന്ന സാ​ങ്കേതിക വിദ്യകൂടിയായതിനാൽ ചുരുങ്ങിയത് 1000 കോടിയുടെ ലാഭമെങ്കിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolar Gold mine
News Summary - Gold mining resumes in Kolar
Next Story