മികച്ച പെരുമാറ്റം; ഐ.ഒ.സി ഉദ്യോഗസ്ഥനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിച്ചു
text_fieldsലഖിംപുർ ഖേരി: ഉത്തർപ്രദേശിൽ വ്യാജ ഇന്ധനം വിറ്റത് പിടിച്ച ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന കേസിലെ കുറ്റവാളികളിൽ ഒരാളെ ‘‘നല്ല പെരുമാറ്റം’’ കണക്കിലെടുത്ത് ശിക്ഷയിളവ് നൽകി മോചിപ്പിച്ചു.
കർണാടക സ്വദേശിയും സന്നദ്ധ പ്രവർത്തകനുമായ മഞ്ജുനാഥിനെ (27) 2005ൽ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആറു പ്രതികളിലൊരാളെയാണ് 16 വർഷത്തിനുശേഷം യു.പിയിലെ ലഖിംപുർ ഖേരി ജില്ല ജയിലിൽനിന്ന് മോചിപ്പിച്ചതെന്ന് ജയിലധികൃതർ ശനിയാഴ്ച അറിയിച്ചു. ‘‘16 വർഷം തടവ് പൂർത്തിയാക്കിയ ശിവകേശ് ഗിരി എന്ന ലല്ലയെ ജനുവരിൽ എട്ടിന് ജില്ല ജയിലിൽനിന്ന് മോചിപ്പിച്ചു. തടവുകാലത്ത് ഇദ്ദേഹത്തിന്റേത് മികച്ച പെരുമാറ്റമായിരുന്നു’’ -ജയിലർ പങ്കജ് കുമാർ സിങ് പറഞ്ഞു.
മായംചേർത്ത ഇന്ധനം വിറ്റ പെട്രോൾ പമ്പിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മഞ്ജുനാഥ് ഭീഷണിപ്പെടുത്തിയതിനാണ് പമ്പ് ഉടമയും മറ്റുള്ളവരും ചേർന്ന് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നത്. ലഖ്നോ ഐ.എം.എം പൂർവവിദ്യാർഥി കൂടിയായ മഞ്ജുനാഥ് ഇത്തരം ക്രമക്കേടുകൾ വെളിച്ചത്തുകൊണ്ടുവരുന്നയാൾ കൂടിയായിരുന്നു. കർണാടകയിലടക്കം വൻ ഒച്ചപ്പാടുണ്ടാക്കിയ കേസിൽ മുഖ്യപ്രതിയും പെട്രോൾ പമ്പ് ഉടമയുമായ പവൻകുമാർ മിട്ടൽ എന്ന മോനുവിന് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തവുമായിരുന്നു സെഷൻസ് കോടതി വിധിച്ചിരുന്നത്. പ്രതികളുടെ അപ്പീലിൽ ഹൈകോടതി മോനുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കുകയും മറ്റുള്ളവരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. രണ്ടുപേരെ വെറുതെ വിടുകയുമുണ്ടായി. ശിക്ഷ പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.