തുർക്കിയ കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ യുടേണടിച്ച് സർക്കാർ
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, തുർക്കിയ കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിലപാട് മാറ്റവുമായി കേന്ദ്ര സർക്കാർ.
ഇന്ത്യൻ-തുർക്കി വിമാനക്കമ്പനികൾ തമ്മിലുള്ള വിമാന വാടക കരാറുകൾക്ക് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) അനുമതി നൽകി.
ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോക്ക് തുർക്കിഷ് എയർലൈനിൽ നിന്നുള്ള രണ്ട് ബോയിങ് 777 വിമാനങ്ങളുടെ വാടക കരാർ ആറു മാസത്തേക്ക് നീട്ടാൻ ഡി.ജി.സി.എ അനുമതി നൽകി. നിലവിൽ ആഗസ്റ്റ് 31ഓടെ കഴിയുന്ന കരാർ അവസാനിപ്പിക്കാൻ നേരത്തെ ഇൻഡിഗോക്ക് ഡി.ജി.സി.എ നിർദ്ദേശം നൽകിയിരുന്നു.
കൂടാതെ, സ്പൈസ്‌ജെറ്റിന് തുർക്കിയ എയർലൈൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള മാൾട്ടയിൽ പ്രവർത്തിക്കുന്ന വിമാന കമ്പനിയിൽ നിന്ന് അഞ്ച് ബോയിങ് 737 വിമാനങ്ങൾ വാടകക്ക് എടുക്കാനും ഡി.ജി.സി.എ അനുമതി നൽകി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ ഇന്ത്യയിലേക്ക് വിക്ഷേപിച്ച പല ഡ്രോണുകളും തുർക്കിയ നിർമിതമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ വിവിധ മേഖലയിൽ തുർക്കിയുമായുള്ള കരാറുകൾ കേന്ദ്രം അവസാനിപ്പിച്ചത്.
പാകിസ്താന്റെ വ്യോമമേഖല നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിനേരിടുന്ന ഇന്ത്യൻ വിമാനക്കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് അനുമതി നൽകിയതെന്നാണ് ഡി.ജി.സി.എയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം. പാകിസ്താന്റെ വ്യോമമേഖലാ അടച്ചുപൂട്ടൽ കാരണം എയർബസ് 320, 321 ജെറ്റുകൾ ഉപയോഗിച്ച് ഇസ്താംബൂളിലേക്ക് പറക്കാൻ കഴിയില്ലെന്നും ബോയിങ് വേണമെന്നും ഇൻഡിഗോയും വ്യക്തമാക്കി.
അദാനി ഗ്രൂപ്പ്, ജി.എം.ആർ തുടങ്ങിയവർ ഓപ്പറേറ്റർമാരായ ഇന്ത്യയിലെ ഒന്‍പത് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കിയിരുന്നത് തുര്‍ക്കി ആസ്ഥാനമായുള്ള ചെലെബി എന്നു പേരുള്ള കമ്പനിയായിരുന്നു. ഇവരുമായുള്ള സഹകരണവും അവസാനിപ്പിച്ചിരുന്നു. ഇതും തുടരാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.