സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
text_fieldsഓള് ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച്
ന്യൂഡല്‍ഹി: ഓള് ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.
സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, സിവില്‍ സർവിസ് സംരക്ഷിക്കുക, ദേശവ്യാപകമായി പെന്ഷന് പ്രായം ഏകീകരിക്കുക, സംസ്ഥാനങ്ങളുടെ താല്പര്യം കൂടി സംരക്ഷിച്ച് പതിനാറാം ശമ്പള കമീഷന് ശിപാര്‍ശകള്‍ നടപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്. കേരള ഹൗസിനു മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ അന്താരാഷ്ട്ര സാമ്പത്തിക കോര്‍പറേറ്റുകള്‍ക്ക് മുന്നിലും കീഴടങ്ങിയിരിക്കുകയാണെന്നും അമേരിക്കയുടെ ഇറക്കുമതിച്ചുങ്ക വിഷയത്തില്‍ അതുകൊണ്ടാണ് വാ തുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിക്കുന്നതെന്നും അമര്‍ജിത് കൗർ കുറ്റപ്പെടുത്തി. എ.ഐ.എസ്.ജി.ഇ.സി പ്രസിഡന്റ് കൃതാര്‍ത്ഥ് സിങ് അധ്യക്ഷത വഹിച്ചു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മേയ് 20ന് രാജ്യവ്യാപകമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കാന്‍ സംഘടനയുടെ ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി സി.ആര്. ജോസ് പ്രകാശ് അറിയിച്ചു.
രാജേഷ് കുമാര്‍ സിങ് (യു.പി), എം.എല്‍. സെഗാള്‍ (ഹരിയാന), തപസ് ത്രിപാഠി (പശ്ചിമ ബംഗാള്‍), ജയചന്ദ്രന് കല്ലിങ്ങല്‍ (കേരളം), രഞ്ജിത് സിങ് രണ്വാന് (പഞ്ചാബ്), ജോയ് കുമാര്‍ (മണിപ്പൂര്‍), മുഹമ്മദ് മഹ്ബൂബ് ( ജമ്മു ആൻഡ് കശ്മീര്‍), കെ. സെല്‍വരാജ് (തമിഴ്നാട്), ഡോ. നിർമല (തെലങ്കാന), ദുലീപ് ഉള്‍ത്താന ( മഹാരാഷ്ട്ര), ഭാസ്കര പാണ്ഡ്യന് (പുതുച്ചേരി), ശംഭു സരണ്‍ ഠാക്കൂര്‍ (ബിഹാര്‍) എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.