പാക് ആക്രമണത്തിൽ വീടുകൾ തകർന്നവർക്ക് ഇന്ത്യ മതിയായ നഷ്ടപരിഹാരം നൽകണം -സി.പി.എം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ പാക് ഷെൽ ആക്രമണത്തിൽ വീടുകൾ നശിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. 1.30 ലക്ഷം രൂപ മാത്രമാണ് കേന്ദ്രസർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം. വീടുകൾ പൂർണമായി തകർന്നവർക്ക് പുതിയ പാർപ്പിടം ഒരുക്കാൻ ഈ തുക തികയില്ലെന്നും സി.പി.എം പ്രതിനിധി സംഘത്തോടൊപ്പം ഷെല്ലാക്രമണത്തിന് ഇരയായ പ്രദേശങ്ങൾ സന്ദർശിച്ചശേഷം എം.എ. ബേബി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായി തരംതാഴ്‌ത്തിയ ജമ്മു- കശ്‌മീരിൽ അധികാരമാകെ കൈയാളുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാറിനും പരിമിതമായ അധികാരമാണുള്ളത്. അതിർത്തിക്ക് അപ്പുറത്തുനിന്നുണ്ടായ ആക്രമണത്തിന്റെ ഇരകളെ സംരക്ഷിക്കേണ്ടത് കേന്ദ്രസർക്കാറാണ്. പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ എന്നിവയെക്കുറിച്ച് ചർച്ചചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.
എം.പിമാരായ കെ. രാധാകൃഷ്‌ണൻ, അംമ്ര റാം, ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ, എ.എ. റഹിം, എസ്. വെങ്കിടേഷൻ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു-കശ്മീർ സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ബാസ് തുടങ്ങിയവരാണ് എം.എ. ബേബിക്കൊപ്പം പ്രദേശം സന്ദർശിച്ചത്. സംഘത്തിന്റെ സന്ദർശനം ബുധനാഴ്ചയും തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.