Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഡ്ജി നിയമനങ്ങളിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അമിത വിധേയത്വം കാട്ടി: ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

text_fields
bookmark_border
ജഡ്ജി നിയമനങ്ങളിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അമിത വിധേയത്വം കാട്ടി: ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ
cancel

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്ര സർക്കാറിനോട് അമിത വിധേയത്വം കാട്ടിയെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. അധികാരത്തിലുള്ള സർക്കാറുകൾക്ക് പൊതുവെ സ്വന്തം തത്വങ്ങളോടും രാഷ്ട്രീയ ദർശനത്തോടും യോജിക്കുന്ന ജഡ്ജിമാരെയാണ് താൽപര്യമെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു. ‘വിത്ത്ഔട്ട് ഫിയർ ഓർ ഫേവർ’ എന്ന തന്റെ ഓർമക്കുറിപ്പിനെക്കുറിച്ച് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് കൗളിന്റെ പരാമർശം.

ജഡ്ജിമാരുടെ നിയമന പ്രക്രിയയിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സർക്കാരുമായി അമിതമായി വിധേയത്വം പുലർത്തിയെന്ന തന്റെ മുൻ വെളിപ്പെടുത്തൽ ജസ്റ്റിസ് കൗൾ ആവർത്തിച്ചു. കൊളീജിയം യോഗം ചേരുന്നതിന് മുൻപ് തന്നെ പേരുകൾ സർക്കാരിന്റെ അനുമതിക്കായി അയക്കുന്ന രീതി ശരിയല്ലെന്നും, കൊളീജിയം സ്വതന്ത്രമായി ചർച്ച നടത്തി പേരുകൾ അന്തിമമാക്കിയ ശേഷം മാത്രമാണ് സർക്കാരുമായി ചർച്ച നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

1950കൾ മുതലുള്ള ചരിത്രം പരിശോധിച്ചാൽ അധികാരത്തിലുള്ള ഏത് സർക്കാറും തങ്ങളുടെ തത്വങ്ങളോടും കാഴ്ചപ്പാടുകളോടും പൊതുവെ യോജിക്കുന്ന ജഡ്ജിമാരെയാണ് ആഗ്രഹിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ഉറച്ചുനിൽക്കേണ്ടത് ജഡ്ജിമാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ജൂൺ മുതൽ 2023 ഡിസംബറിൽ വിരമിക്കുന്നതുവരെ സുപ്രീംകോടതി കൊളീജിയത്തിൽ അംഗമായിരുന്നു കൗൾ. ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാരും ഉൾപ്പെടുന്നതാണ് കൊളീജിയം. സുപ്രീംകോടതിയിലേക്കും ഹൈകോടതികളിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനത്തിന് ശിപാർശ നൽകുന്നത് ഈ സമിതിയാണ്.

കേസുകളിൽ വിധി പറയുന്ന കാര്യത്തിൽ ജഡ്ജിമാർ ഇപ്പോഴും വലിയൊരളവിൽ സ്വതന്ത്രരാണെന്നും സർക്കാറിന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ അവർക്ക് കഴിയുന്നുണ്ടെന്നും കൗൾ പറഞ്ഞു. എന്നാൽ, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികളിൽ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയിലേക്കും ഹൈകോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കുന്നതിൽ കാലതാമസമുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. കൊളീജിയം ശിപാർശ ചെയ്യുന്ന പേരുകൾക്കും വീണ്ടും ശിപാർശ ചെയ്യുന്ന പേരുകൾക്കും അംഗീകാരം ലഭിക്കാൻ ദീർഘകാലം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും ജസ്റ്റിസ് കൗൾ വ്യക്തമാക്കി. ചന്ദ്രചൂഡിനെതിരായ തന്റെ വിമർശനം അദ്ദേഹത്തിന്റെ വിധിന്യായങ്ങളെക്കുറിച്ചല്ലെന്നും ജഡ്ജിമാരുടെ നിയമന നടപടികളുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് കൗൾ അഭിമുഖത്തിൽ വ്യക്തമാക്കി.

ചണ്ഡീഗഢ്, ചെന്നൈ, സുപ്രീംകോടതി എന്നിവിടങ്ങളിലെ ഔദ്യോഗിക അനുഭവങ്ങൾ പങ്കുവെച്ച ജസ്റ്റിസ് കൗൾ, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയും അതിന്റെ കാരണങ്ങൾ സർക്കാറിനെ ബോധ്യപ്പെടുത്തുകയും ചെയ്താൽ പലപ്പോഴും സർക്കാർ സഹകരിക്കാൻ തയാറാകുമെന്നും കൂട്ടിച്ചേർത്തു. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ബന്ധം, കൊളീജിയം സംവിധാനം, ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ജസ്റ്റിസ് കൗളിന്റെ പുതിയ പരാമർശങ്ങൾ.

ജസ്റ്റിസ് കൗളിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ പുസ്തകമാണ് അദ്ദേഹത്തിന്റെ പുതിയ ആത്മകഥയായ 'വിത്തൗട്ട് ഫിയർ ഓർ ഫേവർ'. 2023 ഡിസംബറിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് 167-ലധികം പ്രമുഖ വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെയും നീതിന്യായ വ്യവസ്ഥയിലെയും നിർണ്ണായക വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

കോടതികളുടെ പ്രവർത്തനരീതികൾ, ജഡ്ജിമാരുടെ നിയമന പ്രക്രിയകൾ, കൊളീജിയത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് മുൻകാലങ്ങളിൽ പരസ്യമായി ചർച്ച ചെയ്യാൻ മടിച്ചിരുന്ന പല കാര്യങ്ങളും ഈ പുസ്തകത്തിൽ അദ്ദേഹം എഴുതിയിട്ടിട്ടുണ്ട്. കൂടാതെ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ, ജഡ്ജിമാരുടെ നിയമന വേളയിൽ സർക്കാരുമായുണ്ടായ ഇടപെടലുകൾ, കൊളീജിയം യോഗങ്ങൾക്ക് മുമ്പ് സർക്കാരിന്റെ അനുമതി തേടുന്ന രീതികളിലെ വിയോജിപ്പുകൾ എന്നിവ പുസ്തകത്തിൽ പ്രധാനം നേടിയിട്ടുണ്ട്. ഒരു നിയമ പുസ്തകം എന്നതിലുപരി വ്യക്തിയുടെ ജീവിത യാത്രയും നീതിന്യായ രംഗത്തെ അനുഭവങ്ങളുമാണ് ഈ ആത്മകഥ പങ്കുവെക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Governments have always preferred judges who agree with them: Justice SK Kaul
Next Story