തമിഴ്നാട് സർക്കാറുമായി ഏറ്റുമുട്ടാനുറച്ച് ഗവർണർ
text_fieldsചെന്നൈ: സർവകലാശാലകളുടേത് ഉൾപ്പെടെ ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾക്ക് അംഗീകാരം നൽകി സുപ്രീംകോടതി വിധി വന്നിട്ടും ഡി.എം.കെ സർക്കാറുമായി ഏറ്റുമുട്ടലിനൊരുങ്ങി തമിഴ്നാട് ഗവർണർ ആർ.എൻ. രവി. ഏപ്രിൽ 25 മുതൽ 27 വരെ ഊട്ടിയിൽ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളനം വിളിക്കാനാണ് ഗവർണറുടെ തീരുമാനം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.
സുപ്രീം കോടതി വിധി ലംഘിച്ച് ഗവർണർ, വൈസ് ചാൻസലർ സമ്മേളനം നടത്തുന്നതായി ആരോപിച്ച് ഡി.എം.കെ സഖ്യകക്ഷികളായ കോൺഗ്രസും ഇടതുകക്ഷികളും രംഗത്തെത്തി. സുപ്രീം കോടതി വിധി വെല്ലുവിളിച്ചാണ് ഗവർണർ സമ്മേളനം വിളിച്ചതെന്നും ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഇവർ വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ലുകൾ നിയമങ്ങളായി തമിഴ്നാട് സർക്കാർ ഗെസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ സർവകലാശാലകളുടെ വൈസ് ചാൻസലർ പദവി ഗവർണറിൽനിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റപ്പെട്ടതായും തമിഴ്നാട് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കി. ചാൻസലർ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഗവർണർക്ക് എങ്ങനെ വൈസ് ചാൻസലർമാരുടെ യോഗം വിളിക്കാൻ കഴിയുമെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഗവർണർക്ക് പുതിയ വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരമില്ലെങ്കിലും സർവകലാശാല ചാൻസലറായി തുടരാനാവുമെന്നാണ് രാജ്ഭവൻ കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. വിഷയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോ തമിഴ്നാട് സർക്കാറോ പ്രതികരിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.