‘അസ്വസ്ഥബാധിത പ്രദേശ നിയമ’ ഭേദഗതി പിൻവലിക്കാൻ ആലോചനയെന്ന് ഗുജറാത്ത് സർക്കാർ ഹൈകോടതിയിൽ
text_fieldsഅഹ്മദാബാദ്: മുസ്‍ലിംകളെയും മറ്റു ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ളതെന്ന് ആരോപണമുയർന്ന, ഗുജറാത്ത് സർക്കാറിന്റെ ‘അസ്വസ്ഥബാധിത പ്രദേശ നിയമ’ത്തിലെ വിവാദ ഭേദഗതികൾ പിൻവലിക്കാൻ ആലോചിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ.
അസ്വസ്ഥബാധിതമെന്ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്ന പ്രദേശങ്ങളിലെ സ്വത്ത് അനുമതിയില്ലാതെ വിൽക്കാനോ കൈമാറ്റം നടത്താനോ പാടില്ലെന്ന് അനുശാസിക്കുന്ന, 1991ലെ ‘അസ്വസ്ഥബാധിത പ്രദേശ’ നിയമത്തിൽ 2019ൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെ മുസ്‍ലിം സംഘടനകൾ നൽകിയ ഹരജിയുമായി ബന്ധപ്പെട്ടാണ് പുതിയ നിലപാടു മാറ്റം. ഭേദഗതികൾക്ക് 2020ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു.
സാമുദായിക സംഘർഷസാധ്യതയുള്ള അഹ്മദാബാദ്, വഡോദര അടക്കമുള്ള പ്രദേശങ്ങളിൽ നിയമം പ്രാബല്യത്തിലുണ്ട്. അസ്വസ്ഥബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിടത്ത്, ഒരു മതത്തിൽപ്പെട്ടയാൾക്ക് ജില്ല കലക്ടറുടെ അനുമതിയില്ലാതെ മറ്റൊരു മതത്തിൽപ്പെട്ടവർക്ക് സ്വത്ത് വിൽക്കാൻ പാടില്ലെന്ന് ഈ നിയമം അനുശാസിക്കുന്നു. ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ കൂടുതൽ കടുത്ത നിബന്ധനകൾ നിയമത്തിൽ കൂട്ടിച്ചേർക്കുകയുണ്ടായി.
‘സാമുദായിക ധ്രുവീകരണത്തിന് എന്തെങ്കിലും സാധ്യതയുണ്ടോ’, ‘പ്രദേശത്തെ ജനസംഖ്യാനുപാതത്തിന് അസ്വസ്ഥതയുണ്ടാകുമോ’, അല്ലെങ്കിൽ ഏതെങ്കിലും സമുദായംഗങ്ങൾ ശരിയല്ലാത്തവിധം ഒരുമിക്കുമോ’ തുടങ്ങിയ കാര്യങ്ങൾ കലക്ടർക്ക് പരിശോധിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വിൽപന, കൈമാറ്റ അപേക്ഷ കലക്ടർക്ക് നിരസിക്കാമെന്നും ഭേദഗതി പറയുന്നു. കലക്ടറുടെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാറിന് അപ്പീൽ നൽകാമെന്നും ഭേദഗതി പറയുന്നു.
ഭേദഗതികൾ ഭരണഘടനയുടെ 14, 19, 21 വകുപ്പുകൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് 2021ൽ ഹൈകോടതിയെ സമീപിച്ചു. നിലവിൽതന്നെ പ്രത്യേക പ്രദേശങ്ങളിലേക്ക് ഒതുക്കപ്പെട്ട മുസ്‍ലിംകൾ അടക്കമുള്ള ഗുജറാത്തിലെ ന്യൂനപക്ഷങ്ങൾ കൂടുതൽ അരികുവത്കരിക്കപ്പെടാൻ ഭേദഗതികൾ കാരണമാകുമെന്നും സമുദായങ്ങൾ തട്ടുകളായി തിരിക്കപ്പെടുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക മേഖലയിൽ താമസിക്കുന്നവരെ അവരുടെ മതത്തിന്റെയും രീതികളുടെയും അടിസ്ഥാനത്തിൽ വേർതിരിക്കാനും അതുവഴി അവസരങ്ങൾക്കുള്ള തുല്യത നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഹരജിയിൽ പറയുന്നു.
ഹരജി സ്വീകരിച്ച ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് അനിരുദ്ധ മയീ എന്നിവരടങ്ങിയ ബെഞ്ച്, ഭേദഗതിയിൽ പുതുതായി വിജ്ഞാപനമൊന്നും പുറപ്പെടുവിക്കരുത് എന്ന് ഉത്തരവിട്ടു. ഇതിനുള്ള മറുപടിയിലാണ് ഭേദഗതികൾ പിൻവലിക്കാൻ ആലോചിക്കുന്നുവെന്ന് റവന്യൂ വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചത്. ‘‘കോടതിയിൽ ചോദ്യംചെയ്ത ഭേദഗതികളിൽ പുനരാലോചന നടത്താൻ സംസ്ഥാനം ആലോചിക്കുന്നതിനാൽ ഹരജിക്കാർ ഉന്നയിച്ച ആശങ്കകൾ നിലനിൽക്കാനിടയില്ലെന്ന് സത്യവാങ്മൂലം വിശദീകരിച്ചു. ഹരജിയിൽ ഡിസംബർ അഞ്ചിന് വീണ്ടും വാദം കേൾക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.