മോദിയുടെ ഭരണം ചില വ്യവസായികൾക്ക് വേണ്ടി- രാഹുൽ
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് മോഡൽ വികസന പദ്ധതി പരാജയപ്പെട്ടെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അഹമ്മദാബാദിൽ സംഘടിപ്പിച്ച പാർട്ടി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് രാഹുൽ വ്യക്തമാക്കി.
മോദി സർക്കാരിന്റെ ഭരണം എതാനും ചില മുതലാളിമാർക്കു വേണ്ടി മാത്രമുള്ളതാണെന്ന് രാഹുൽ പറഞ്ഞു. ഗുജറാത്തിലെ കർഷകരുടെ ആകെ കടം 36,000 കോടി രൂപയാണ്. ടാറ്റ നാനോയ്ക്കു വേണ്ടി വെറും 0.01 ശതമാനം പലിശയിലാണ് 60,000 കോടി രൂപ വായ്പ നൽകിയത്. ഇതേ ഗുജറാത്തിൽ നാനോ കാറുകൾ ഉപയോഗിക്കുന്ന എത്രപേരുണ്ട്? ഇതുവഴി എത്ര യുവാക്കൾക്ക് ജോലി നൽകാൻ സാധിച്ചെന്നും രാഹുൽ ചോദിച്ചു. നരേന്ദ്ര മോദിയുടെ അടുപ്പക്കാരായ അമ്പതോളം വ്യവസായികള്‍ക്കാണ് സർക്കാറിൽ നിന്ന് എല്ലാ സഹായങ്ങളും ലഭിക്കുന്നത്. മോദിയുടെ ആറോ ഏഴോ വ്യവസായി സുഹൃത്തുക്കളാണ് മാധ്യമങ്ങളെയെല്ലാം നിയന്ത്രിക്കുന്നത്. അവര്‍തന്നെയാണ് രാജ്യത്തെ കര്‍ഷകരുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയുമെല്ലാം നട്ടെല്ലൊടിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മൻ കി ബാത്' പരിപാടിയെയും നോട്ട് നിരോധത്തെയും രാഹുൽ പരിഹസിച്ചു. കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുകയും ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പോരാടുന്നവർക്ക് പാർട്ടി ടിക്കറ്റുകൾ നൽകുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ ഉറപ്പുനൽകി.
ആരോഗ്യനയത്തിന്റെ കാര്യത്തിൽ കടുത്ത അലംഭാവമാണ് ബി.ജെ.പി സർക്കാരിൻേറത്. ബിജെപിയുടെ ആരോഗ്യനയങ്ങൾ സാധാരണ ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്നും രാഹുൽ ആരോപിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ആശുപത്രികളുടെ ശോച്യാവസ്ഥയെക്കുറിച്ച് താൻ മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി. ഒരു വർഷം മുമ്പ് നഗരത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ പരിഹാരം കാണാൻ ആരും തയാറായില്ലെന്ന് രാഹുൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.