മുസ്‌ലിം യുവാക്കളെ കയറിൽ കെട്ടി തെരുവിലൂടെ നടത്തിച്ച് ഗുജറാത്ത് പൊലീസ്; വിവാദം
text_fieldsരാജ്കോട്ട്: മുസ്‌ലിം യുവാക്കളെ കയറുകൾ കൊണ്ട് ബന്ധിച്ച് തെരുവിലൂടെ നടത്തിച്ച ഗുജറാത്ത് പൊലീസിന്‍റെ നടപടി വിവാദത്തിൽ. താപി ജില്ലയിലെ സോൻഗഢിൽ കഴിഞ്ഞദിവസമാണ് സംഭവം.
ഗുജറാത്ത് പൊലീസിന്‍റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി പ്രദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. പിന്നാലെ ഹിന്ദു വിഭാഗത്തിൽപെട്ട ഒരാളുടെ വീടിനു നേരെ കല്ലെറിഞ്ഞെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും മുസ്‌ലിം സമുദായത്തിൽനിന്നുള്ളവരാണ്. പരാതിക്കാരന്‍റെ മകൻ ഇൻസ്റ്റഗ്രാമിലെ ഒരു റീലിൽ പോസ്റ്റ് ചെയ്ത മുസ്‌ലിം വിരുദ്ധ പരാമർശമാണ് സംഘർഷത്തിനു കാരണമായത്.
ബകുൽഭായ് ദയാറാംഭായ് ചൗധരി എന്നയാളുടെ മകനാണ് സമൂഹമാധ്യമങ്ങളിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. സംഘർഷത്തിൽ കേസ് രജിസ്റ്റർ ചെയ്ത് താപി പൊലീസ് ആരോപണ വിധേയരായ മുസ്‌ലിം യുവാക്കളെ കസ്റ്റഡിലെടുത്തു. പിന്നാലെയാണ് ഇവരുടെ ശരീരത്തിൽ കയറുകൾ കെട്ടി, സോംഗഢ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും അകമ്പടിയോടെ തെരുവിലൂടെ കാൽനടയായി സംഭവസ്ഥലത്തേക്ക് കൊണ്ടുപോയത്.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതകശ്രമവുമായി ബന്ധപ്പെട്ട 109(1)-ാം വകുപ്പ്, 125-ാം വകുപ്പ്, കലാപവുമായി ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയും മറ്റ് കുറ്റങ്ങൾക്കൊപ്പം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ 19ന് വൈകീട്ട് അഞ്ചോടെ ജനക്കൂട്ടം വീടിനു മുന്നിൽ തടിച്ചുകൂടിയെന്നും വാതിലടച്ചിട്ടും കല്ലേറ് തുടർന്നുവെന്നും ബകുൽഭായ് പരാതിയിൽ പറയുന്നു. പൊലീസ് എത്തിയപ്പോൾ ആൾക്കൂട്ടത്തിലെ ചിലർ തന്നെ ആക്രമിക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
താപി ജില്ലാ പൊലീസ് സൂപ്രണ്ട് ഋഷഭ് ഗാർഗ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിനായി കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. എന്നാൽ, അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കൾക്കെതിരായ ആരോപണങ്ങൾ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. സംഭവത്തെത്തുടർന്ന് സോൻഗഢ് പൊലീസ് സ്റ്റേഷന് പുറത്ത് ഹിന്ദു സംഘടനകൾ പ്രതിഷേധം നടത്തി. ആരോപണവിധേയരുമായി ബന്ധമുള്ളതായി പറയപ്പെടുന്ന അനധികൃത കൈയേറ്റങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടക്കത്തിൽ സോൻഗഢിൽ അനിശ്ചിതകാല അടച്ചിടലിന് നിരവധി സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് ആഹ്വാനം പിൻവലിച്ചു.
പൊലീസ് ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഈശ്വർ പർമാർ പറഞ്ഞു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സമാധാനം നിലനിർത്തണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് പ്രദേശവാസികളോട് അഭ്യർഥിച്ചു. കേസിന്റെ എഫ്.ഐ.ആർ ‘സെൻസിറ്റീവ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ അതിലെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സമൂഹമാധ്യങ്ങളിൽ വിവാദ പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് ഇതുവരെ കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പ്രതികളെ കയറുകൾ കൊണ്ട് ബന്ധിച്ച് പൊതുസ്ഥലങ്ങളിലൂടെ നടത്തിക്കുന്ന ഗുജറാത്ത് പൊലീസ് നടപടി നേരത്തെയും വിവാദമായിരുന്നു. ഗർബ പരിപാടിക്ക് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവാക്കളെ തൂണുകളിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുജറാത്ത് പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി തന്നെ രംഗത്തുവന്നതാണ്. ആളുകളെ തൂണുകളിൽ കെട്ടിയിട്ട് മർദിക്കാൻ പൊലീസിന് നിയമപരമായി എന്ത് അധികാരമാണുള്ളതെന്ന് അന്ന് കോടതി ചോദിച്ചിരുന്നു.

