ഗുജറാത്തിൽ പരിഷ്കരിച്ച പട്ടികയായി; 4.40 കോടി വോട്ടർമാർ
text_fieldsഅഹ്മദാബാദ്: ബി.ജെ.പി പ്രവർത്തകർ ആസൂത്രിതമായി ‘ഫോറം-7’ ഉപയോഗിച്ച് വോട്ടർമാരുടെ പേരുകൾ തള്ളിയെന്ന ആരോപണത്തിൽ കോടതി കയറിയ ഗുജറാത്ത് വോട്ടർ പട്ടിക പരിഷ്കരണത്തിൽ അന്തിമ പട്ടികയുമായി തെരഞ്ഞെടുപ്പ് കമീഷൻ. മൂന്നരമാസത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കൊടുവിൽ 4.40 കോടി വോട്ടർമാരുടെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ. പട്ടിക പ്രകാരം 4,40,30,725 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ എണ്ണത്തേക്കാൾ 5.6 ലക്ഷം വോട്ടർമാർ അധികമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഹരീത് ശുക്ല അറിയിച്ചു.
കരടിൽനിന്ന് 74 ലക്ഷം പേരുകൾ ഒഴിവാക്കിയെന്നും അധികൃതർ പറഞ്ഞു. പരാതികളും എതിർപ്പുകളും സ്വീകരിക്കാനുള്ള തീയതി ഡിസംബർ 19 മുതൽ ജനുവരി 30 വരെ ആയിരുന്നു. നിലവിലെ വോട്ടർ പട്ടികയിൽ 5.08 കോടി വോട്ടർമാരാണുണ്ടായിരുന്നത്. രേഖകളുടെ പിൻബലമില്ലാതെയും മാനദണ്ഡം തെറ്റിച്ചും ‘ഫോറം 7’ ഉപയോഗിച്ച് ബി.ജെ.പി പ്രവർത്തകർ പേരുകൾ നീക്കം ചെയ്യാൻ പരാതി നൽകിയെന്ന് ആരോപിച്ച് കരടിനെതിരെ രണ്ട് കോൺഗ്രസ് നേതാക്കൾ ഹൈകോടതിയെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ തുഗ്ലക്ക് കമീഷനായെന്ന് മമത
കൊൽക്കത്ത: ഒരു രാഷ്ട്രീയ പാർട്ടി നിയന്ത്രിക്കുന്ന തുഗ്ലക്ക് കമീഷനാണ് തെരഞ്ഞെടുപ്പ് കമീഷനെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടാണുള്ളതെന്നും അവർ ആരോപിച്ചു. ബി.ജെ.പി ഐ.ടി സെല്ലിലെ വനിതാ പ്രവർത്തക എ.ഐ ഉപയോഗിച്ച് 58 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റി. ജനാധിപത്യത്തെ അട്ടിമറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതി ഉത്തരവുകളെ വെല്ലുവിളിക്കുകയാണ്. എസ്.ഐ.ആർ പ്രക്രിയക്കിടെ ബി.ജെ.പിയുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ പശ്ചിമ ബംഗാളിലെ വോട്ടർമാരുടെ പേരുകൾ നീക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

