ഗുരുഗ്രാമിൽ വനിതാ ബൈക്ക് റൈഡറെ കാർ ഇടിച്ചുവീഴ്ത്തി; പ്രതി അറസ്റ്റിൽ; വധശ്രമക്കുറ്റം ചുമത്തി
text_fieldsഗുരുഗ്രാം: ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ വച്ച് യുവതിയുടെ ബൈക്കിൽ കാർ ഇടിച്ചുകയറ്റിയ സംഭവത്തിലെ മുഖ്യപ്രതിയായ കല്യാൺ ബൈൻസ്ലയെ രാജസ്ഥാനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ഡൽഹി സ്വദേശിയായ സിയയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് വെള്ള നിറത്തിലുള്ള മാരുതി സിയാസ് കാർ ഓടിച്ച കല്യാൺ സിയയെ പിന്തുടരുകയും, അപകടമുണ്ടാക്കുകയും ചെയ്തത്. തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സിയയുടെ ബൈക്ക് റോഡിലൂടെ ഉരസി നീങ്ങുന്നതും തീപ്പൊരി ചിതറുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വലിയ അപകടത്തിൽ നിന്നും തലനാരിഴക്കാണ് സിയ ഒഴിവായത്. സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിയ, ഈ നിയമപോരാട്ടത്തിൽ നിന്ന് താൻ പിന്മാറില്ലെന്നും സമൂഹത്തിന് ഇതൊരു മാതൃകയാക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ഒളിവിൽ കഴിയവേ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട പ്രതി കല്യാൺ ബൈൻസ്ല വിചിത്രമായ വാദങ്ങളുമായാണ് രംഗത്തെത്തിയത്. ബൈക്കിൽ വരുന്നത് സ്ത്രീയോ പുരുഷനോ ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സംഭവത്തിന്റെ ഒരുവശം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നുമാണ് പ്രതി അവകാശപ്പെട്ടത്. തനിക്ക് ആ പെൺകുട്ടിയോട് വളരെയധികം ഖേദമുണ്ടെന്നും കല്യാൺ പറഞ്ഞു. ആൾക്കൂട്ടാക്രമണ ഭയത്താലാണ് അപകടത്തിന് ശേഷം താൻ സംഭവസ്ഥലത്ത് നിന്ന് ഓടികളഞ്ഞതെന്നും, മനപ്പൂർവ്വമല്ല അപകടം സംഭവിച്ചതെന്നും കല്യാൺ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

