Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗ്യാനേഷ് കുമാർ ഭയന്നിരിക്കുന്നു; ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഇവിടെ നിൽക്കുന്നത്’; പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
ആറ് മണിക്കൂർ പിന്നിട്ട് ഇൻഡ്യ സഖ്യ പ്രതിഷേധം
‘ഗ്യാനേഷ് കുമാർ ഭയന്നിരിക്കുന്നു; ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഇവിടെ നിൽക്കുന്നത്’; പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി പാർലമെന്‍റ് സ്ട്രീറ്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

മാർച്ച് പൊലീസ് തടഞ്ഞതോടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇൻഡ്യ മുന്നണിയിലെ എം.പിമാരും അകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഗ്യാനേഷ് കുമാറിനെയും തെരഞ്ഞെടുപ്പ് കമീഷനിലെ മറ്റ് ഉദ്യോഗസ്ഥരെയും കാണാൻ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

‘ലോക്സഭാ എം.പിമാരാണ് ഇവിടെയുള്ളത്. ഞങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും അദ്ദേഹത്തിന്റെ കീഴിലെ ഉദ്യോഗസ്ഥരെയും കാണണമായിരുന്നു. പൊലീസ് ഞങ്ങളെ തടഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാൻ കഴിയാത്തത്. ഞങ്ങൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്’ - രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാർ ഭയന്നിരിക്കുകയാണ്. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാർക്ക് തെരഞ്ഞെടുപ്പ് കമീഷണറെ കാണാൻ കഴിയില്ലെങ്കിൽ, പിന്നെ ജനാധിപത്യത്തിന്റെ അർഥമെന്താണ്? ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ നേതാക്കൾ പ്രതിഷേധ സ്ഥലത്ത് തുടരുമെന്നും രാഹുൽ വ്യക്തമാക്കി.

താൻ ഇവിടെ നിൽക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനാണ്. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാ എം.പിമാരും ഇവിടെയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് ജനാധിപത്യത്തെ തകർത്തെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ സഹായത്തോടെയുള്ള ‘വോട്ട് ചോരിയിലൂടെ’ പ്രധാനമന്ത്രിയും ഷായും ആർ.എസ്.എസ് മേധാവിയും ചേർന്ന് രാജ്യത്തെ ‘തട്ടിയെടുത്തിരിക്കുകയാണ്’. എല്ലാവർക്കെതിരെയും നടപടിയുണ്ടാകും. ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല. ഇത് രാജ്യദ്രോഹമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

എസ്.ഐ.ആർ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇൻഡ്യ സഖ്യം പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞതോടെയാണ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ആകാശവാണിയുടെ വളപ്പിലേക്ക് കയറിയത്. ഇതുവഴി തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് കടക്കാനാണ് രാഹുൽ ശ്രമിച്ചത്. എന്നാൽ നീക്കം പൊലീസ് തടയുകയും എം.പിമാരെ കസ്റ്റഡിയിൽ എടുത്ത് ബസിൽ കൊണ്ടുപോവുകയുമായിരുന്നു. കസ്റ്റഡിയിൽ എടുക്കാനുള്ള പൊലീസിന്റെ ശ്രമത്തെ പ്രതിരോധിച്ചാണ് ആകാശവാണി വളപ്പിൽ രാഹുലും പ്രവർത്തകരും തുടരുന്നത്.

കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള പൊലീസ് ശ്രമം പലതവണ എം.പിമാർ പ്രതിരോധിച്ചു. രാവിലെ 10.30ന് ആണ് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ‘സേവ് ഡെമോക്രസി’ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. പ്രതിഷേധം ആറു മണിക്കൂർ പിന്നിട്ടു. സ്ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 150 ലധികം എം.പിമാരാണ് മാർച്ചിൽ അണിനിരക്കുന്നത്. മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് പ്രതിഷേധം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gyanesh Kumar Is Scared’ - Rahul Gandhi
Next Story