ഹജ്ജ് യാത്രക്ക് ചെലവ് മൂന്നര ലക്ഷത്തോളമാകും
text_fieldsകരിപ്പൂർ: അടുത്തവർഷത്തെ ഹജ്ജിെൻറ യാത്രാചെലവ് മൂന്നര ലക്ഷത്തോളം രൂപ. കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന കേരളം, തമിഴ്നാട്, മാഹി സ്വദേശികൾക്ക് 3,56,433 രൂപയാണ് പ്രതീക്ഷിക്കുന്ന യാത്രാചെലവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. അടുത്തതവണ പത്ത് പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്ന് മാത്രമാണ് ഹജ്ജ് സർവിസുള്ളത്.
അസീസിയ വിഭാഗത്തിലായിരിക്കും യാത്രയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടിയ യാത്രാചെലവ് പ്രതീക്ഷിക്കുന്നത് ഗുവാഹത്തിയിലാണ്. 3,99,253 രൂപ. ഏറ്റവും കുറവ് അഹമ്മദാബാദിലും -3,28,168 രൂപ. 2020ൽ കോവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് നിന്നുള്ളവർക്ക് ഹജ്ജിന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ യാത്രാനിരക്ക് ഉൾപ്പെടെ നിശ്ചയിച്ചിരുന്നില്ല.
2019ൽ അസീസിയ വിഭാഗത്തിൽ കരിപ്പൂരിൽനിന്ന് 2,45,500 രൂപയും കൊച്ചിയിൽനിന്ന് 2,46,500 രൂപയുമായിരുന്നു നിരക്ക്. ഗ്രീൻ കാറ്റഗറിയിൽ കരിപ്പൂരിൽനിന്ന് 2,82,550 രൂപയും കൊച്ചിയിൽനിന്ന് 2,83,550 രൂപയുമായിരുന്നു യാത്രാചെലവ്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടി വരുന്നതിനാലാണ് ചെലവ് വർധിക്കുന്നെതന്നാണ് വിശദീകരണം.
താമസത്തിനുള്ള നിരക്കിൽ 2.25 മടങ്ങും സൗദിയിലെ യാത്രാനിരക്കിൽ മൂന്ന് മടങ്ങുമാണ് വർധന. ഒരു ബസിൽ നേരത്തേ 45 പേർ സഞ്ചരിച്ചിരുന്നത് 15 ആയി ചുരുക്കി. മൂല്യവർധിത നികുതി അഞ്ച് ശതമാനത്തിൽനിന്ന് 15 ആയും സൗദി വർധിപ്പിച്ചിട്ടുണ്ട്. വിസ നിരക്ക് എന്ന ഇനത്തിൽ 300 റിയാലും ഈടാക്കും.
ഹജ്ജ് അപേക്ഷ സമർപ്പണം: ജനുവരി പത്തുവരെ നീട്ടി
കരിപ്പൂർ: 2021ലെ ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടി. ജനുവരി 10വരെയാണ് നീട്ടിയത്. ആദ്യ സർക്കുലർ പ്രകാരം ഡിസംബർ പത്തായിരുന്നു അവസാന തീയതി. ഇതോടെ ജനുവരി പത്തിനുള്ളിൽ ഇഷ്യൂചെയ്തതും 2022 ജനുവരി 10വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം. ഇത്തവണ ഇതുവരെ 4545 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതിൽ 4044 പേരും ജനറൽ വിഭാഗത്തിലാണ് അപേക്ഷിച്ചത്. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ (വിതൗട്ട് മഹ്റം) വിഭാഗത്തില് 501 പേരും അപേക്ഷിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. ഫോൺ: 04832710717, 2717572.
ഈവർഷം രാജ്യത്തുനിന്ന് 40,000 അപേക്ഷകളാണ് ലഭിച്ചതെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു. ഇതിൽ 500 പേർ മഹ്റം (പുരുഷ സഹയാത്രികർ) ഇല്ലാത്ത വനിതകളുടേതാണ്. 2020ൽ 2100 വനിതകൾ മഹ്റം ഇല്ലാതെ അപേക്ഷ നൽകിയിരുന്നു. അവർക്ക് 2021ലെ ഹജ്ജിൽ പങ്കെടുക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.