ആദ്യ ബഹിരാകാശ സഞ്ചാരി ആര്...? ഹനുമാൻ ആണെന്ന് ബി.ജെ.പി നേതാവ് അനുരാഗ് സിങ് ഠാകുർ
text_fieldsഅനുരാഗ് സിങ് ഠാകുർ
ന്യൂഡൽഹി: ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത് ആരാണെന്ന് മൈക്കിലൂടെ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാകുറിന്റെ ചോദ്യം.
നീൽ ആംസ്ട്രോങ് ആണെന്ന് കുട്ടികളുടെ മറുപടി.
എന്നാൽ, കുട്ടികളെ തിരുത്തി മുൻ മന്ത്രി നൽകിയ വിചിത്രമറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഹനുമാൻ ജി യാണ് ബഹിരാകാശത്തേക്ക് ആദ്യ യാത്രനടത്തിയതെന്ന് ഞാൻ കരുതുന്നു..’
ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ ഉനയിലെ ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളുമായി സംവദിക്കവെയാണ് ബഹിരാകാശ യാത്രയിൽ പുതിയ അറിവുകൾ അനുരാഗ് സിങ് ഠാകൂർ പങ്കുവെച്ചത്. ഒപ്പം സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഉപദേശം നൽകാനും മുൻ മന്ത്രി മറന്നില്ല.
ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം നോക്കണമെന്നായി മന്ത്രിയുടെ ഉപദേശം.
‘ടെക്സ്റ്റ് പുസ്തകങ്ങൾ ബ്രിട്ടീഷുകാർ നൽകിയതാണ്. അധ്യാപകർ നമ്മുടെ വേദങ്ങളും പുസ്തകങ്ങളും അറിവുകളും നോക്കണം. അപ്പോൾ നിങ്ങൾക്ക് പുതിയ അറിവുകളിലേക്ക് സഞ്ചരിക്കാം. ഇല്ലെങ്കിൽ ബ്രിട്ടീഷുകാർ എഴുതിയത് തന്നെ വായിക്കപ്പെടും’ -അനുരാഗ് സിങ് ഠാകൂർ പറഞ്ഞു.
തന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമ പേജിൽ പങ്കുവെക്കുകയും ചെയ്തു.
1984ൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ ശേഷം, ശുഭാൻഷു ശുക്ലയിലൂടെ ഇന്ത്യ വീണ്ടും സ്വന്തം ബഹിരാകാശ യാത്ര നടത്തിയതിന്റെ നേട്ടം ആഘോഷിക്കുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ പരാമർശങ്ങൾ. 1961ൽ സോവിയറ്റ് റഷ്യക്കാരനായ യൂറി ഗഗാറിൻ ആണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ചന്ദ്രനിൽ കാല് കുത്തിയ ആദ്യ മനുഷ്യനാണ് നീൽ ആംസ്ട്രോങ്.
മുൻമന്ത്രിയുടെ ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയ വിദ്യാർഥികളെ വീണ്ടും തെറ്റിലേക്ക് നയിച്ച അനുരാഗ് സിങ് ഠാകുറിന്റെ നടപടിക്കെതിവെ വൻ വിമർശനമാണ് ഉയർന്നത്.
അറിവിനെയും ശാസ്ത്ര ചിന്ത്രകളെയും അപമാനിക്കുന്നതും, കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതുമാണ് ലോക്സഭാംഗമായ മുൻ മന്ത്രിയുടെ നടപടിയെന്ന് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി പറഞ്ഞു. ‘ഒരു പാർലമെന്റ് അംഗവും മുൻ മന്ത്രിയുമായ വ്യക്തി കുട്ടികളോട് ചോദിക്കുന്ന വീഡിയോ കണ്ടു. നീൽആംസ്ട്രോങ് എന്ന് പറഞ്ഞ കുട്ടികളെ തിരുത്തി ഹനുമാണ് ആദ്യ യാത്രനടത്തിയതെന്ന് അദ്ദേഹം പറയുന്നു. ശാസ്ത്രമെന്നത് പുരാണമല്ല. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് വിജ്ഞാനത്തെ അപമാനിക്കലാണ്. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുളള അവഹേളനമാണെന്നും ശാസ്ത്രീയ മനോഭാവം വളര്‍ത്തണമെന്ന തത്വത്തെ അവഹേളിക്കുകയുമാണ്’ കനിമൊഴി എം.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.