ഹർഷിത ബ്രെല്ലയുടെ കൊലപാതകം; നീതിക്കുവേണ്ടി കുടുംബം പോരാടുന്നു
text_fieldsഡൽഹി: ലണ്ടനിൽ താമസിച്ചിരുന്ന ഹർഷിത ബ്രെല്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് ഡൽഹി ഹൈകോടതി മാർച്ച് 26 ലേക്ക് മാറ്റി. ജസ്റ്റിസ് സച്ചിൻ ദത്തയുടെ സിംഗിൾ ബെഞ്ചിന് മുമ്പാകെയാണ് കേസ് പരിഗണിക്കാനെത്തിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. കേസിന്റെ വിശദമായ പഠനത്തിനായി ഒരുനോഡൽ ഓഫിസറെ നിയമിക്കാൻ ഹൈകോടതി വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചു. ഫെബ്രുവരിയിൽ സോണിയ നൽകിയ ഹരജിയിൽ അന്വേഷണം വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രാലയം യു.കെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കേസ് സംബന്ധമായ വിഷയങ്ങളിലുള്ള പുരോഗതി സമയാസമയങ്ങളിൽ നോഡൽ ഓഫിസർ മുഖാന്തരം അറിയിക്കാനും കോടതി ഉത്തരവിട്ടു.
2024 നവംബർ 14 ന് ലണ്ടനിൽ ഒരു കാറിന്റെ ഡിക്കിയിൽനിന്നാണ് ഹർഷിത ബ്രെല്ലയുടെ മൃതദേഹം കണ്ടെത്തിയത്.ഗുരുതര ഗാർഹിക പീഡനവും സാമ്പത്തിക ചൂഷണവും കൊലപാതകവും ആരോപിച്ചാണ് ഹർഷിതയുടെ കുടുംബം ഭർത്താവ് പങ്കജ് ലാംബക്കെതിരെ കേസുകൊടുത്തത്, ഇത് കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണെന്നും പങ്കജിന് കടുത്ത ശിക്ഷ നൽകണമെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർഷിതയുടെ സഹോദരി സോണിയ ദാബ ഹൈകോടതിയിൽ പരാതി സമർപ്പിച്ചത്. ലണ്ടനിൽ നടന്ന അന്വേഷണത്തിലെ അതൃപ്‍തിയാണ് ഡൽഹി ഹൈകോടതിയെ സമീപിക്കാൻ നിർബന്ധിതരായത്.
സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനത്തിനത്തിന്റെ ഇരയായിരുന്നു ഹർഷിത. കഴിഞ്ഞ നവംബർ 14ന് ലണ്ടനിലാണ് കാറിന്റെ ഡിക്കിയിലാക്കി ഉപേക്ഷിച്ച നിലയിൽ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനത്തിനെതിരെ ലണ്ടനിൽ പരാതി നൽകിയിരുന്നെങ്കിലും ഭർത്താവ് കൊലപ്പെടുത്തിയതായാണ് പിതാവ് സത്ബീർസിങ് പറയുന്നത്. മർദനം ഭയന്ന് പലപ്പോഴും സുഹൃത്തുക്കളുടെ വീട്ടിൽ അഭയം തേടിയിരുന്നെന്നും പറഞ്ഞു. കൂടുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ടായിരുന്നു പീഡനം.
യു.കെയിൽ ഉയർന്ന പദവിയിലാണ് ഉദ്യോഗമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പങ്കജ് ഹർഷിതയെ വിവാഹം ചെയ്തത്. ഹർഷിതയുടെ മരണശേഷം പങ്കജിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തുകയും സംസ്കാരചടങ്ങുകളിൽപോലും പങ്കെടുത്തുമില്ല. വീട്ടുകാരും ഉൾപ്പെട്ടിട്ടുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് ഹർഷിതയുടെ സഹോദരി സോണിയ ആരോപിക്കുന്നത്. തന്റെ മകളുടെ കൊലയാളിക്ക് ശിക്ഷവാങ്ങികൊടുക്കും വരെ നീതിക്കായി പോരാടുമെന്നാണ് സത്ബീർ സിങ്ങിന്റെ ഉറച്ച തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.