തടവുകാർക്ക് പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി ഹരിയാന സർക്കാർ; മൂന്ന് വർഷത്തെ കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ കോഴ്സ് ഉടൻ
text_fieldsഹരിയാന ജയിൽ മന്ത്രി ഡോ. അരവിന്ദ് ശർമ്മ
ഗുരുഗ്രാം: ജയിൽ തടവുകാർക്കിടയിൽ നൈപുണ്യ വികസനവും സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ഹരിയാന ജയിൽ മന്ത്രി ഡോ. അരവിന്ദ് ശർമ്മ ജയിൽ തടവുകാർക്കായി കമ്പ്യൂട്ടർ എഞ്ചിനീയറിങിൽ ഡിപ്ലോമ കോഴ്‌സ് പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ഗുഡ്ഗാവ് ജില്ലാ ജയിൽ ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് ജയിലുകളിലായി 12 കോഴ്സുകൾ അവതരിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും തടവുകാർക്ക് പരിശീലനം നേടാനായി പ്രത്യേക കേന്ദ്രം ജയിലുകളിൽ സജ്ജീകരിക്കുമെന്നും ഗുഡ്ഗാവ് ജയിൽ സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയവർക്ക് സമൂഹത്തിൽ പുതിയൊരു ജീവിതമാർഗ്ഗം സജ്ജമാക്കുകയെന്നന്താണ് പദ്ധതിയുടെ ഉദ്ദേശം. അതിനായി സംസ്ഥാനത്തെ ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും അതോടൊപ്പം ജയിലുകളുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ അംബാലയിലെ സെൻട്രൽ ജയിലിലും ഗുഡ്ഗാവ്, ഫരീദാബാദ്, കർണാൽ, പാനിപ്പത്ത് എന്നിവിടങ്ങളിലെ ജില്ലാ ജയിലുകളിലും ഐ.ടി.ഐ സർട്ടിഫൈഡ് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഗുരുഗ്രാം ജയിലിലെ തടവുകാർക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പഠിക്കാനായി ഇതുവരെ 29 തടവുകാരാണ് രജിസ്റ്റർ ചെയ്തത്. ഇതിനായി, ഐ.ടി.ഐ ഇന്ദ്രി (നുഹ്) യുമായി സഹകരിച്ച് ജയിലിനുള്ളിൽ ഒരു പരിശീലന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ടെന്ന് അരവിന്ദ് ശർമ പറഞ്ഞു.
കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ കോഴ്സ് കൂടാതെ ഒരു വർഷത്തെ പ്ലംബിങ് കോഴ്സ്, വെൽഡിങ് കോഴ്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സ് എന്നിവയും ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നുണ്ട്. ജയിൽ നിവാസികളോടെ കോഴ്സുകളെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ തന്നെ പ്ലംബിങ് കോഴ്സിന് 25 തടവുകാരും വെൽഡിങ് കോഴ്സിന് 25 പേരും കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സിന് 25 പേരും ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴ്സുകൾക്ക് പുറമെ തടവുകാർ ജയിലിലും പരിസരപ്രദേശങ്ങളിലും നിർമിക്കുന്ന ഉൽപ്പങ്ങൾ ആളുകളിലേക്ക് എത്തിക്കാനായി ഒരു കാറ്റലോഗ് പ്രസിദ്ധീകരിക്കാൻ ജയിൽ സൂപ്രണ്ട് നരേഷ് ഗോയലിന് മന്ത്രി നിർദേശം നൽകി. അതുവഴി ജയിൽ ഉൽപ്പങ്ങൾ മികച്ച രീതിയിൽ വിൽപ്പന നടത്തി തടവുകാർക്കും അതിന്റെ പ്രയോജനം നേടാൻ സാധിക്കുമെന്നും ജയിൽ മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.