വിദ്വേഷ പരാമർശം: പ്രസ്താവനയിലുറച്ച് ഹൈകോടതി ജഡ്ജി
text_fieldsജസ്റ്റിസ് ശേഖർ കുമാർ യാദവ്
ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ വിശദീകരണവുമായി അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ്. പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും നിയമ വ്യവസ്ഥക്കെതിരായ ഒന്നും അതിലില്ലെന്നും അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് അരുൺ ബൻസാലിയക്ക് നൽകിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചില തൽപര കക്ഷികൾ തന്റെ പ്രസംഗത്തെ തെറ്റായി വ്യഖ്യാനിക്കുകയും വളച്ചൊടിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത ചില സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചാണ് താൻ പറഞ്ഞത്. ഒരു സമുദായത്തോടും വിദ്വേഷം സൃഷ്ടിക്കാനായിരുന്നില്ല അവയെന്നും കത്തിൽ പറയുന്നു.
വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള കൊളീജിയം കഴിഞ്ഞ ഡിസംബർ 17ന് ജസ്റ്റിസ് യാദവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കൊളീജിയത്തിനുമുന്നിൽ ഹാജരായ ജസ്റ്റിസ് യാദവ് ഖേദപ്രകടനം നടത്താൻ പോലും തയാറാവാതിരുന്നതോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വീണ്ടും വിശദീകരണം തേടി അലഹബാദ് ചീഫ് ജസ്റ്റിസിന് കത്ത് എഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് യാദവ് ഹൈകോടതി ചീഫ് ജസ്റ്റിസിന് വിശദീകരണം നൽകിയത്. ജഡ്ജിയുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം ആരംഭിക്കുന്നതിനുള്ള ആദ്യഘട്ടമായാണ് രണ്ടാമതും വിശദീകരണം തേടി ചീഫ് ജസ്റ്റിസ് കത്ത് നൽകിയത്.
ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരിപാടിയിലായിരുന്നു ശേഖര്‍ കുമാര്‍ യാദവിന്റെ വിദ്വേഷ പ്രസംഗം. ഏകസിവിൽ കോഡ് വിഷയത്തെ പ്രസംഗത്തിൽ അദ്ദേഹം ഹിന്ദു-മുസ്ലിം പ്രശ്നമായി അവതരിപ്പിച്ചു. ഹിന്ദുക്കൾ അവരുടെ ആചാരങ്ങൾ പരിഷ്കരിച്ചുവെന്നും മുസ്ലിംകൾ അതു ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പാര്‍ലമെന്റിലടക്കം വൻ പ്രതിഷേധമാണുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.