‘കാര്യങ്ങൾ തീരുമാനിക്കുന്നത് ദേശീയ താൽപര്യം അനുസരിച്ച്’; റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയെന്ന റിപ്പോർട്ട് തള്ളി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തിയെന്ന റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളി. വിപണിയിലെ ചലനാത്മകതയും ദേശീയ താൽപര്യവും അനുസരിച്ചാണ് ഇന്ത്യയിലെ ഇന്ധന ഇറക്കുമതി തീരുമാനിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി നിർത്താനുള്ള ഇന്ത്യയുടെ തീരുമാനം ‘നല്ല നീക്ക’മെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരാമർശത്തിനു പിന്നാലെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
എണ്ണക്കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ എന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ തനിക്കറിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ മറുപടി. ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ റഷ്യന്‍ വിതരണക്കാരില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നുണ്ടെന്നും വില, ക്രൂഡിന്റെ ഗ്രേഡ്, ഇന്‍വെന്ററികള്‍, ലോജിസ്റ്റിക്‌സ്, മറ്റ് സാമ്പത്തിക ഘടകങ്ങള്‍ എന്നിവയാണ് അവരുടെ വിതരണ തീരുമാനങ്ങളെ സ്വാധീനിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘ഇന്ത്യ ഇനി റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഞാൻ കേട്ടത്, അത് ശരിയാണോ അല്ലയോ എന്ന് അറിയില്ല. ശരിയാണെങ്കിൽ അതൊരു നല്ല നടപടിയാണ്. എന്ത് സംഭവിക്കുമെന്ന് കാണാം’ എന്നിങ്ങനെയാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഈ മാസം കിഴിവുകൾ കുറഞ്ഞതിനാലും യു.എസ് മുന്നറിയിപ്പ് നൽകിയതിനാലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയാണ് കടൽമാർഗമുള്ള റഷ്യൻ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവ്.
കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുമായി പുറപ്പെട്ട രണ്ട് കപ്പലുകൾ യു.എസ് ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനയി ലേക്കും ഈജിപ്തിലേക്കും വഴി തിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. എണ്ണക്കപ്പലുകളടക്കം ഇറാൻ ബന്ധമുള്ള കമ്പനികൾക്കും വ്യക്തികൾക്കും ഈയാഴ്ചയാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധം നേരിടുന്ന മൂന്ന് കപ്പലുകളാണ് ഇന്ത്യയിലെ റിഫൈനറികളിലേക്കുള്ള എണ്ണയുമായി പുറപ്പെട്ടത്. ഒരെണ്ണം ചെന്നൈയിലും രണ്ടെണ്ണം ഗുജറാത്തിലുമാണ് എത്തേണ്ടിയിരുന്നത്. വേറൊരു കപ്പൽ റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഭാരത് പെട്രോളിയം കോർപറേഷന്റെയും നിയന്ത്രണത്തിലുള്ള ഗുജറാത്തിലെ സിക്ക തുറമുഖത്തിലേക്കുളള യാത്രയിലാണെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമില്ല.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇന്ത്യ റഷ്യൻ എണ്ണ വിലക്കുറവിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിന് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിമർശിച്ചിരുന്നു. ബുധനാഴ്ച, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതിന് പുറമേ, പിഴ ചുമത്താൻ യു.എസ് പ്രസിഡന്റ് തീരുമാനിച്ചു. റഷ്യ യുക്രെയ്നുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.