മകളുടെ വേർപാടിന്റെ വാർഷികത്തിൽ പോപുലർ ഫ്രണ്ട് മുൻ നേതാവ് ഒ.എം.എ സലാമിന് മൂന്ന് ദിവസം പരോൾ
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം മരിച്ച മകളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) മുൻ ചെയർമാൻ ഒ.എം.എ സലാമിന് ഡൽഹി ഹൈകോടതി മൂന്ന് ദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചു. ദിവസവും ആറ് മണിക്കൂർ വീതമാണ് ജസ്റ്റിസ് രവീന്ദർ ദുഡേജ പരോൾ അനുവദിച്ചത്.
ഈ കാലയളവിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനോ പൊതുപരിപാടികളിൽ പങ്കെടുക്കാനോ പാടില്ലെന്ന് കോടതി നിർദേശിച്ചു. കേരളത്തിലേക്കുള്ള യാത്രയുടെ ചെലവുകൾ സലാം വഹിക്കണം.
മകളെ സംസ്കാരിച്ച സ്ഥലം സന്ദശിക്കാനും വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാനുമാണ് അനുമതി. മൊബൈൽ ഫോൺ, ഫോട്ടോഗ്രാഫ്, പൊതുജന സമ്പർക്കം എന്നിവ പാടില്ലെന്നും കോടതി വ്യക്തമാക്കി.
യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ സലാം, 15 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാനാണ് അനുമതി തേടിയത്. ഏപ്രിൽ 18നും മെയ് രണ്ടിനുമിടയിൽ ചടങ്ങുകൾ നടത്തണമെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, സലാമിന്റെ സാന്നിധ്യം കേരളത്തിൽ സുരക്ഷ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എൻ.ഐ.എയുടെ അഭിഭാഷകൻ അപേക്ഷയെ എതിർത്തു.
2024 ഏപ്രിൽ 17നാണ് ഒ.എം.എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്കിയ വാഹനാപകടത്തിൽ മരണപ്പെട്ടത്. കല്പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തേക്ക് കടുത്ത ഉപാധികളോടെയാണ് പരോൾ ലഭിച്ചത്. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ മാത്രമാണ് വീട്ടിൽ ചെലവഴിക്കാൻ അവസരം ലഭിച്ചത്. പിന്നീട് തവനൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളോട് മാത്രമേ ഇടപഴകാൻ സാധിച്ചിരുന്നുള്ളൂ. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. സന്ദർശകർക്ക് വിലക്കുള്ളതായി വീടിന് പുറത്ത് പൊലീസ് നോട്ടീസ് പതിപ്പിച്ചിരുന്നു.
മകളുടെ മരണത്തിന് പിന്നാലെ വിഷാദാവസ്ഥയിലായ ഭാര്യയെ സന്ദർശിക്കാൻ രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം സലാം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു. സലാം സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോചനം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.
2022ൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ ചെയർമാനായിരുന്ന ഒ.എം.എ സലാം അടക്കമുള്ളവരെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡൽഹി, രാജസ്ഥാൻ എന്നീ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. ഇതിനുപിന്നാലെ 2022 സെപ്റ്റംബർ 28ന് യു.എ.പി.എ നിയമ പ്രകാരം പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.