Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലും മുംബൈയിലും...

ഡൽഹിയിലും മുംബൈയിലും കനത്ത മഴയും ശക്തമായ കാറ്റും; 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

text_fields
bookmark_border
ഡൽഹിയിലും മുംബൈയിലും കനത്ത മഴയും ശക്തമായ കാറ്റും; 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
cancel

ന്യൂഡൽഹി: ശനിയാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും മുംബൈയിലും വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തേണ്ടിയിരുന്ന 15 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് സമീപ നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ ഇരു നഗരങ്ങളിലെയും വിമാന സർവിസുകൾ വൈകാനോ റദ്ദാകാനോ സാധ്യതയുണ്ടെന്ന് വിമാനകമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തലസ്ഥാനത്ത് വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ ഒമ്പത് എണ്ണം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും രണ്ട് വീതം അമൃത്സറിലും ലഖ്നൗവിലും ഇറക്കി. ഓരോ വിമാനങ്ങൾ വീതം മുംബൈയിലേക്കും ചണ്ഡീഗഢിലേക്കും തിരിച്ചുവിട്ടു. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ വിമാന സർവിസുകളിൽ തടസ്സം തുടർന്നേക്കാമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ടി.ജി323, എ.ഐ2778,എ.ഐ2466,എ.ഐ1111,എ.ഐ1838, 6E064,6E849, കെ.സി907,6E2179എ.ഐ4308,എ.ഐ2432 എന്നിവയാണ് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങൾ.

അതേസമയം, ഡൽഹിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം നഗരജീവിതത്തെയും ബാധിച്ചു. ശക്തമായ കാറ്റിനൊപ്പം മഴയും പെയ്തതോടെ നിരവധി പ്രദേശങ്ങളിൽ ഗതാഗതം മന്ദഗതിയിലായി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡൽഹിയിലെ പരമാവധി താപനില 36.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22.6 ഡിഗ്രി സെൽഷ്യസുമായിരുന്നു. മഴയെ തുടർന്ന് ചൂടിന് നേരിയ ആശ്വാസമുണ്ടായെങ്കിലും ശക്തമായ കാറ്റ് വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.

ഡൽഹിക്ക് പുറമെ മുംബൈയിലും മോശം കാലാവസ്ഥ വിമാന സർവിസുകളെ ബാധിച്ചു. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയും യാത്രക്കാർക്കായി പ്രത്യേക യാത്രാ നിർദേശം പുറത്തിറക്കി. ഡൽഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി കമ്പനികളുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ പരിശോധിക്കണമെന്ന് ഇരു വിമാനക്കമ്പനികളും അഭ്യർഥിച്ചു.

ഡൽഹിയിലേക്കും മുംബൈയിലേക്കും ഉള്ള സർവിസുകളെ പ്രതികൂല കാലാവസ്ഥ ബാധിക്കാമെന്ന് എയർ ഇന്ത്യ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. അതേസമയം, സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരെ സഹായിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇൻഡിഗോയും വ്യക്തമാക്കി.

കാലാവസ്ഥ അനുകൂലമാകുന്നതുവരെ സർവിസുകളിൽ വൈകലും മറ്റ് തടസ്സങ്ങളും തുടർന്നേക്കാമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അതിനാൽ ഡൽഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യുന്നവർ യാത്രക്കായി അധിക സമയം മുൻകൂട്ടി മാറ്റിവെക്കുകയും വിമാനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പാക്കിയ ശേഷമേ വിമാനത്താവളത്തിലേക്ക് പുറപ്പെടാവൂ എന്നും അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flights divertedStrong windsIndia NewsHeavy Rain
News Summary - Heavy rain and strong winds lash Delhi and Mumbai; 15 flights diverted, passengers urged to stay alert
Next Story