മുംബൈനഗരത്തെ മുക്കി കനത്ത മഴ; വ്യോമഗതാഗതം തടസ്സപ്പെട്ടു
text_fieldsകനത്തമഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞ നിലയിൽ
മുംബൈ: രണ്ടുദിവസമായി തുടരുന്ന കനത്തമഴയിൽ മുംബൈനഗരവും പ്രാന്തപ്രദേശങ്ങളുമടക്കം മുങ്ങി. പ്രളയസമാനമായ വെള്ളക്കെട്ടാണെങ്ങും. മുംബൈയിൽ കാലാവസ്ഥാവിഭാഗം ചുവന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. മുംബൈയുടെ പ്രധാന ഗതാഗതമാർഗമായ സബർബൻ റെയിൽപാതയിലും വെള്ളം നിറഞ്ഞിട്ടുണ്ട്. ഫ്ലൈറ്റ്റഡാറിന്റെ കണക്കുകൾ പ്രകാരം, മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 155 വിമാനങ്ങൾ വൈകി, 102 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതിലും വൈകിയിരിക്കുകയാണ്.
മുംബൈ വിമാനത്താവളത്തിലേക്കുള്ള വഴികളടക്കം കനത്തമഴയിൽ മുങ്ങിയതിനാൽ വാഹനങ്ങൾക്കടക്കം എത്തിപ്പെടാനാവുന്നില്ല. ഗതാഗത തടസ്സം വിമാനസർവിസുകെളയും ബാധിച്ചതിനാൽ ഇൻഡിഗോ എയർ യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ബൃഹദ് മുംബൈ മുനിസിപ്പൽ കോർപറേഷൻ സർക്കാർ അർധ സർക്കാർ സ്‍ഥാപനങ്ങൾക്കും അത്യാവശ്യ സേവന വിഭാഗങ്ങൾക്കെഴികെ അവധി പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതി വർക്ക് ഫ്രം ഹോമും അനുവദിച്ചിട്ടുണ്ട്്. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. ഇടതടവില്ലാതെ പെയ്യുന്ന മഴമൂലം മുംബൈയിൽ മഹാരാഷ്ട്ര കൊങ്കൺ പ്രദേശങ്ങളിലെ പാൽഘർ, താണെ, റായ്ഗഡ്, രത്നഗിരി,സിന്ധുദുർഗ് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളജുകൾക്കും വിദ്യാഭ്യാസ ഡയറക്ടറേറ്റ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
റെയിൽപാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണോടുന്നത്. നഗരങ്ങളിലെ മിക്ക സബ് വേകളും വെള്ളത്തിനടിയിലാണ്. ഇൗസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും മുംബൈ-ഗുജറാത്ത് ഹൈവേയിലും വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിലെ വിക്രോളിയിലാണ് ഏറ്റവും കൂടുതൽ മഴപെയ്തത്് 255.5mm.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.