ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 300 ലധികം റോഡുകൾ അടച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
text_fieldsഷിംല: ഹിമാചൽ പ്രദേശിൽ വിവിധയിടങ്ങളിൽ മിന്നൽ പ്രളയം. ബുധനാഴ്ച വൈകുന്നേരം ശ്രീഖണ്ഡ് മഹാദേവ് പര്‍വതനിരകളിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ഒരാൾക്ക് പരിക്കേറ്റു. കുടുങ്ങി കിടന്ന നാല് പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. ഷിംല, കുളു, ലാഹോൾ, സ്പിതി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു.
വെള്ളപ്പൊക്കത്തിൽ സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളത്തിനടിയിലായി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചു.
ഗാൻവി, കിയാവോ, കൂട്ട് എന്നീ മൂന്ന് ഗ്രാമങ്ങളിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റ് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുളു ജില്ലയിൽ രണ്ട് മേഘവിസ്ഫോടനങ്ങൾ ഉണ്ടായതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണം. ദുരിതബാധിത പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് കുളു ജില്ല കലക്ടർ ടോറുൾ എസ്. രവീഷ് പറഞ്ഞു.
ജൂൺ 20 മുതൽ മഴയുമായി ബന്ധപ്പെട്ട 240ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മാണ്ഡി ജില്ലയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.