സംഭൽ മസ്ജിദിൽ പ്രാർഥനക്ക് അനുമതി തേടി ഹിന്ദു മഹാസഭ
text_fieldsസംഭൽ (യു.പി): സംഭൽ ഷാഹി ജമാ മസ്ജിദിൽ പ്രാർഥനക്ക് അനുമതി തേടി ഹിന്ദു മഹാസഭ പ്രവർത്തകർ കോടതിയെ സമീപിച്ചു. സംഭൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു.
ന്യൂഡൽഹിയിൽനിന്ന് എത്തിയ സംഘമാണ് സംഭൽ മസ്ജിദിൽ ദേവഭൂമിയാണെന്ന് അവകാശപ്പെട്ട് ഹോമവും പൂജയും നടത്താൻ അനുമതി തേടിയത്. സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഓഫിസിന് പുറത്ത് ഹോമം നടത്തിയാണ് സംഘം മടങ്ങിയത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും പ്രാർഥനക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവുമായി വന്നാൽ സഹകരിക്കാമെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് വന്ദന മിശ്ര ഹിന്ദു മഹാസഭ പ്രവർത്തകരെ അറിയിച്ചു.
മുഗൾ കാലഘട്ടത്തിൽ ബാബർ ചക്രവർത്തി ഹരിഹർ മന്ദിർ എന്ന ക്ഷേത്രം തകർത്താണ് സംഭൽ ഷാഹി ജമാ മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് അഡ്വ. ഹരിശങ്കർ ജയിൻ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. തുടർന്ന് കോടതി നിർദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ മസ്ജിദിൽ പൊലീസ് സന്നാഹത്തോടെ സർവേക്കെത്തുകയും പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അലഹബാദ് ഹൈകോടതി ഷാഹി ജമാ മസ്ജിദിനെ തർക്ക മന്ദിരമായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.