പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകൾ തകർത്തു
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു. ലശ്കർ-ഇ-ത്വയിബ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ വീടാണ് വ്യാഴാഴ്ച രാത്രി സ്ഫോടനത്തിൽ തകർത്തത്. സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആസിഫ് ഷെയ്ഖിന്റെ വീടും സ്ഫോടനത്തിൽ തകർത്തിട്ടുണ്ട്. കശ്മീർ ഭരണകൂടം തന്നെ വീടുകൾ തകർത്തതാണെന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ഇരുവരുടേയും വീടിനുള്ളിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ആദിൽ ഹുസൈൻ തോക്കർക്ക് ഭീകരാക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഷെയ്ഖ് ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം, ആസിഫിന്റെ വീട്ടിൽ പൊലീസിന്റെ പരിശോധനക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. പരിശോധന നടത്തുന്നതിനിടെ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ വീട്ടിൽ നിന്നും ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായെന്നാണ് റിപ്പോർട്ടുകൾ.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.
അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദിൽ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തൽഹ എന്നിവരാണ് പാകിസ്താനിൽ നിന്നുള്ളവർ. ആദിൽ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.