Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കെതിരെ...

ബി.ജെ.പിക്കെതിരെ പാളയത്തിൽ പട, അടിമുടി സഖ്യങ്ങൾ; മഹാരാഷ്ട്രയിൽ കുഴഞ്ഞുമറിയുന്ന പ്രാദേശിക രാഷ്ട്രീയം

text_fields
bookmark_border
How friends, foes have switched roles in Maharashtra local body polls
cancel

ഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ കൗതുമായി വിചിത്ര സഖ്യങ്ങൾ. ബി.ജെ.പിക്കെതിരെ പാളയത്തിൽ പടയെന്നോണം മഹായുതിയിലെ സഖ്യകകക്ഷികൾ തന്നെ പലയിടത്തും മത്സരരംഗത്തിറങ്ങുന്നു. കഴിഞ്ഞ തെ​രഞ്ഞെടുപ്പിൽ പരസ്പരം കടിച്ചുകീറാൻ നിന്ന, ബദ്ധശത്രുക്കളായ ശിവസേനയുടെ ഇരുവിഭാഗങ്ങൾ പലയിടത്തും കൈകോർത്ത് ബി.ജെ.പിക്കെതിരെ രംഗത്തുവരുന്നത് കൗതുകമായിരിക്കുകയാണ്. ഒറ്റ​പ്പെട്ട ചിലയിടങ്ങളിൽ ബി.ജെ.പിയും പ്രഖ്യാപിത ശത്രുവായ കോൺഗ്രസും തമ്മിലും നീക്കുപോക്കു​ണ്ട്.

2022ൽ ശിവസേനയുടെ പിളർപ്പിന് പിന്നാലെ, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കഴിഞ്ഞ വർഷം നടന്ന ലോക്സഭ, നിയമസഭയടക്കം തെരഞ്ഞെടുപ്പുകളിൽ വർധിത വീര്യത്തോടെ ഏറ്റുമുട്ടിയിരുന്നു. എന്നാൽ, ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ പോരിന് അവസാനമെന്നോണം പലയിടങ്ങളിലും പരസ്പരം ‘ഭായ്- ഭായ്’ ആയി തോളത്ത് കൈയിട്ടാണ് ഇരുവിഭാഗവും വോട്ടർമാരെ സമീപിക്കുന്നത്.

246 മുനിസിപ്പൽ കൗൺസിലുകളും 42 മുനിസിപ്പൽ പഞ്ചായത്തുകളുമാണ് മഹാരാഷ്ട്രയിലുടനീളം ഡിസംബർ രണ്ടിന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകൾ മാത്രമാണ് സഖ്യങ്ങളെന്ന് നേതൃത്വം ആവർത്തിക്കുന്നതിനിടയിലും തന്ത്രപ്രധാനമായ മേഖലകളിലടക്കം ഇരുപക്ഷത്തിനുമിടയിൽ ഉളവെടുത്ത സഖ്യം വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്.

വിചിത്ര സഖ്യങ്ങൾ

2022 ജൂണിൽ സേനയുടെ പിളർപ്പിന്റെ സമയത്ത് തന്റെ നടപടികൾ ‘അസാധാരണവും ആശയപരമായി പൊരുത്തപ്പെടാനാവാത്തതുമായ’ ഉദ്ധവിന്റെ നിലപാടുകളോടുള്ള പ്രതിഷേധമാണെന്നായിരുന്നു ഷിൻ​ഡെയുടെ ന്യായീകരണം. കോൺഗ്രസുമായും അന്നത്തെ അവിഭക്ത നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യുമായുള്ള സഖ്യങ്ങൾ പാർട്ടി സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധമാണെന്നും ഷിൻഡെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തവണ ​തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതേ ഷിൻഡെയുടെ ശിവസേന ഉദ്ധവ് പക്ഷവുമായും മുമ്പ് തള്ളിപ്പറഞ്ഞ കോൺഗ്രസുമായും എൻ.സി.പിയുമായും സഖ്യത്തിലേർപ്പെടുന്നുവെന്നതാണ് രസകരം.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൽ ശിവസേനയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും എൻ.സി.പി അജിത് പവാർ വിഭാഗവും അംഗങ്ങളാണ്. ഇവരും, കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിവസേനയും (യു.ബി.ടി), എൻ.സി.പി (എസ്.പി)യും ഉൾപ്പെടുന്ന മഹാവികാസ് അഘാടി സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

എന്നാൽ, ബി.ജെ.പിക്ക് മേൽകൈ ഉള്ള മണ്ഡലങ്ങളിൽ പലയിടത്തും ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനയുമായും (യു.ബി.ടി), കോൺഗ്രസിന് പുറമെ എൻ.സി.പിയുടെ അജിത് പവാർ വിഭാഗവുമായും ശരത് പവാർ വിഭാഗവുമായും വിവിധ മണ്ഡലങ്ങളിൽ കൈകോർക്കുന്ന ഷിൻഡെ വിഭാഗത്തെയാണ് കാണാനാവുക.

അങ്ങനെ അംഗീകരിക്കാതെ..

ശിവസനയുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള രാഷ്ട്രീയ ചേരിപ്പോരും നിയമയുദ്ധങ്ങളും കണക്കിലെടുത്ത് ഷിൻഡെ സേനയുമായി ഉണ്ടാവുന്ന നീക്കുപോക്കുകളിൽ ഉദ്ധവ് വ്യക്തിപരമായി അസന്തുഷ്ടനാണെന്ന് ശിവസേന (യു.ബി.ടി) വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, കടുത്ത മത്സരമുള്ള മുനിസിപ്പൽ തലങ്ങളിൽ ബി.ജെ.പിക്ക് തടയിടുന്നതിനാണ് അടിയന്തിര മുൻഗണനയെന്നും ശിവസേന (യു.ബി.ടി) പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തത്വത്തിൽ, ദേശീയ തലത്തിൽ വിവിധ സഖ്യങ്ങൾ നിലനിൽക്കുമ്പോഴും ബി.ജെ.പി തങ്ങളെ വിഴുങ്ങുന്നുവെന്ന ഭയമാണ് സേനകളെ അടുപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകൾ അതത് സവിശേഷ സാഹചര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഷിൻഡെ വിഭാഗം നേതാക്കൾ പറയുന്നു. ഇത് ദേശീയതലത്തിൽ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായി വിലയിരുത്തേണ്ടതില്ലെന്നാണ് ഇവരുടെ പക്ഷം.

ശിവസേനയിലെ ഭായ്-ഭായ് മത്സരങ്ങൾ

പുണെ ജില്ലയിലെ ചാക്കനിലേക്കുള്ള മുനിസിപ്പൽ കൗൺസിൽ വോട്ടെടുപ്പിൽ ഷിൻഡെ സേനയുടെ സ്ഥാനാർത്ഥി മനീഷ സുരേഷ് ഗോർ, പാർട്ടി എം.എൽ.എ ശരദ് സോൺവാനെ, ശിവസേന (യു.ബി.ടി) എം.എൽ.എ ബാബാജി കാലെ എന്നിവർക്കൊപ്പമെത്തിയാാണ് നാമനിർദേശ പത്രിക നൽകിയത്.

എന്നാൽ, ഇത് ഔദ്യോഗിക സഖ്യമായി കാണരുതെന്നായിരുന്നു പിന്നീട് മാധ്യമങ്ങളെ കണ്ട കാലെയുടെ അഭ്യർഥന. ചാക്കനിൽ മാത്രമാണ് തങ്ങൾ ഷി​ൻഡെ വിഭാഗത്തെ പിന്തുണക്കുന്നത്. അന്തരിച്ച മുൻ എം.എൽ.എ സുരേഷ് ഗോറിനോടുള്ള ആദരസൂചകമായാണ് മനീഷക്കൊപ്പം എത്തിയതെന്നും കാലെ വ്യക്തമാക്കി.

സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്ലി മുനിസിപ്പൽ കൗൺസിൽ വോട്ടെടുപ്പിൽ, ശിവസേന യു.ബി.ടി നേതാവ് സന്ദേശ് പാർക്കറുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഷഹർ വികാസ് അഘാടി സഖ്യത്തിന് കീഴിൽ സേനയുടെ ഇരുവിഭാഗവും ​കൈകോർക്കുന്നു. ഇവിടെ, സന്ദേശ് പാർക്കറാണ് പ്രസിഡന്റ് സ്ഥാനാർഥി. ചാക്കനിലും കങ്കാവ്ലിയിലും ബി.ജെ.പിയുടെ മേൽകൈ​യെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് സഖ്യം എന്നതാണ് രസകരമായ വസ്തുത.

കോൺഗ്രസിനൊപ്പം ഷിൻഡെ സേന

ധരാഷിവ് ജില്ലയിലെ ഒമേർഗ, ജൽഗാവിലെ ചോപ്ദ എന്നിവിടങ്ങളിലെ മുനിസിപ്പൽ കൗൺസിൽ വോട്ടെടുപ്പിൽ ഷിൻഡെ സേന കോൺഗ്രസുമായി നീക്കുപോക്കുണ്ടാക്കിയിട്ടുണ്ട്. ഒമേർഗയിൽ മുൻ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് കോൺഗ്രസുമായി പ്രാദേശിക സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഹർഷ് വർധൻ ചാലൂക്യയുമായാണ് ഗെയ്ക്വാദ് ഇവിടെ ഏറ്റുമുട്ടുന്നത്.

ചോപ്ദയിലാകട്ടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷിൻഡെ സേന എം.എൽ.എ ചന്ദ്രകാന്ത് സൊനാവെൻ, തനിക്ക് ബി.ജെ.പി പിന്തുണ പിൻവലിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നിർണായകമായ പല തദ്ദേശ സ്ഥാപനങ്ങളിലെയും പ്രചാരണ പോസ്റ്ററുകളിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻ.സി.പി നേതാക്കൾക്കുമൊപ്പം ഷിൻഡെ നേതാക്കളുടെ ചിത്രങ്ങളും കാണാം.

എൻ.സി.പി വിഭാഗങ്ങളുമായി കൈകോർക്കുന്ന ഷിൻഡെ സേന

നാസിക് ജില്ലയിലെ യോല മുനിസിപ്പൽ കൗൺസിലിൽ, ഷിൻഡെ സേനയുടെ രൂപേഷ് ദരാദേ എൻ.സി.പി (എസ്.പി) യുടെ മണിക്രാവു ഷിൻഡെയുമായി ചേർന്ന് ബി.ജെ.പി-എൻ.സി.പി (അജിത് പവാർ) സഖ്യത്തിനെതിരെ മത്സര രംഗത്തുണ്ട്. അതേസമയം, റായ്ഗഡ് ജില്ലയിലെ മുനിസിപ്പൽ കൗൺസിൽ മത്സരങ്ങളിൽ ഷിൻഡെ സേനയും എൻ.സി.പി (അജിത് പവാർ) വിഭാഗവും സംയുക്തമായാണ് മത്സരിക്കുന്നത്.

പാൽഘഡ് ജില്ലയിലെ ദഹാനു മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ, ഷിൻഡെ സേന രണ്ട് എൻ.സി.പി വിഭാഗങ്ങളുമായി ചേർന്ന് ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് അപവാദമായി കോലപൂർ ജില്ലയിലെ കാഗലിൽ ശിവസേന ഷി​ൻഡെ വിഭാഗത്തിനെതിരെ ഇരു എൻ.സി.പി വിഭാഗങ്ങളും മത്സരത്തിനിറങ്ങുന്നു.

ഷിൻഡെ സേനക്കെതിരായ സഖ്യങ്ങൾ

നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഷിൻഡെ ശിവസേന വിഭാഗത്തിനെതിരെയും കൗതുകകരമായ സഖ്യങ്ങൾ കാണാം. കോലാപൂർ ജില്ലയിലെ ജെയ്സിംഗ്പൂർ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി, കോൺഗ്രസ്, കർഷക ​പാർട്ടിയായ സ്വഭിമാനി ശേത്കരി സംഘടന (എസ്.എസ്.എസ്) എന്നിവർക്കിടയിൽ ഷിൻഡെ സേന പിന്തുണക്കുന്ന രാജേന്ദ്ര പാട്ടീൽ യദ്രവ്കറിന്റെ നേതൃത്വത്തിലുള്ള രാജർഷി ഷാഹു അഘാഡിക്കെതിരെ വിശാല സഖ്യം ഉയർന്നുവന്നിട്ടുണ്ട്.

നാസിക് ജില്ലയിലെ ഭാഗുർ നഗരസഭാ കൗൺസിലിൽ, ബി.ജെ.പി, എൻ.സി.പി (എസ്.പി), ശിവസേന, കോൺഗ്രസ്, രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) എന്നീ പാർട്ടികൾ ഷിൻഡെ വിഭാഗത്തിനെതിരെ കൈകോർക്കുന്നു.

ഭാവിയാവുമോ സഖ്യങ്ങൾ?

നിലവിൽ പ്രാദേശിക തലത്തിലുള്ള സഖ്യങ്ങൾ വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മഴവിൽ സഖ്യങ്ങളോടുള്ള വോട്ടർമാരുടെ പ്രതികരണങ്ങളുടെ ലിറ്റ്മസ് കൂടിയാവും വരാനിരിക്കുന്ന ബ്രിഹൻ മുംബൈ കോർപറേഷൻ (ബി.എം.സി) തെരഞ്ഞെടുപ്പടക്കമുള്ളവയെന്നും വിലയിരുത്തപ്പെടുന്നു.

പടിഞ്ഞാറൻ മഹാരാഷ്ട്ര, മറാത്ത് വാഡ, വിദർഭയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഡസൻ കണക്കിന് നഗരങ്ങളിൽ ബി.ജെ.പിയും ഷിൻഡെ സേനയും തമ്മിൽ നേർക്കുനേർ ഇക്കുറി കൊമ്പുകോർക്കുന്നുണ്ട്. പാർട്ടി സംവിധാനങ്ങൾ ദുർബലമാകാതിരിക്കാൻ പ്രാദേശിക തലത്തിൽ ഇത്തരം സൗഹൃദ മത്സരം ഒഴിവാക്കാനാവാത്തതാണെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം.

സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും മഹായുതിയുടെ ഭാഗമായി നിലകൊള്ളുമ്പോഴും പ്രാദേശിക പരിഗണനകൾ മുൻനിർത്തി ജില്ല ഘടകങ്ങൾ സ്വയം തീരുമാനമെടുക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നാണ് ശിവസേന ഷി​ൻഡെ വിഭാഗത്തിന്റെ വിശദീകരണം. താഴേക്കിടയിലുള്ള തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക വികാരങ്ങൾ മാനിക്കേണ്ടതുണ്ടെന്നും ഷിൻഡെ വിഭാഗം വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body ElectionIndia NewsMaharashtra local body
News Summary - How friends, foes have switched roles in Maharashtra local body polls
Next Story