നാടുകടത്തലിന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ സാക്ഷ്യം: ‘റോഹിങ്ക്യകളെയും ബംഗാളി മുസ്‍ലിംകളെയും പുറന്തള്ളാൻ ബി.ജെ.പി കാമ്പയിൻ’
text_fieldsന്യൂഡൽഹി: മേയ് മാസം മുതൽ അനധികൃത കുടിയേറ്റക്കാരെന്നുപറഞ്ഞ് റോഹിങ്ക്യകളെയും ബംഗാളി മുസ്‍ലിംകളെയും രാജ്യത്തുനിന്ന് പുറന്തള്ളാനുള്ള കാമ്പയിന് ഭാരതീയ ജനത പാർട്ടി തുടക്കം കുറിച്ചിരിക്കുകയാണെന്ന് അന്തർദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങളും അന്തർദേശീയ പ്രോട്ടോകോളും മാനിക്കാതെ നിരവധി റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യ ബംഗ്ലാദേശിലേക്കും മ്യാന്മറിലേക്കും നാടുകടത്തിയെന്നും നിരവധി പേരെ നിയമവിരുദ്ധമായി തടങ്കലിൽവെച്ച് മോശമായി പെരുമാറുന്നുവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു.
മ്യാന്മറിൽനിന്ന് അതിക്രമങ്ങളും പീഡനവും കാരണം അഭയാർഥികളായി നാടുവിട്ടു ഓടിയവർക്കെതിരായ നടപടി മുസ്‍ലിംകളെ പൈശാചികവത്കരിക്കുക എന്ന ബി.ജെ.പി നയം പ്രതിഫലിപ്പിക്കുന്നതാണ്. നാടുകടത്തിയവരിൽ ഐക്യരാഷ്ട്രസഭയുടെ അഭയാർഥി രജിസ്ട്രേഷനുള്ള 192 റോഹിങ്ക്യകൾ ഉണ്ട്. 40 ഇന്ത്യൻ അഭയാർഥികളെ ഒരു കപ്പലിൽ കൊണ്ടുപോയി മ്യാന്മർ തീരക്കടലിൽ തള്ളി നീന്താൻ ആവശ്യപ്പെട്ടുവെന്നും നിരവധി അഭയാർഥികൾ സർക്കാർ നടപടി ഭയന്ന് ബംഗ്ലാദേശിലേക്ക് കടന്നുവെന്നും വാച്ച് ചൂണ്ടിക്കാട്ടി.
മനുഷ്യ ജീവിതത്തിനും അന്തർദേശീയ നിയമങ്ങൾക്കും വില കൊടുക്കാതെയാണ് ഇന്ത്യയുടെ റോഹിങ്ക്യകളെ പുറന്തള്ളൽ എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൻ പറഞ്ഞു. ഇന്ത്യ നാടുകടത്തിയ സ്ത്രീകളും പുരുഷന്മാരുമായ ഒമ്പത് റോഹിങ്ക്യൻ അഭയാർഥികളുമായി ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർഥി ക്യാമ്പിൽ തങ്ങൾ സംസാരിച്ചു. അതിക്രമങ്ങൾക്കിരയാക്കിയതിനുപുറമെ തങ്ങളുടെ പക്കലുണ്ടായിരുന്ന പണവും മൊബൈൽ ഫോണുകളും ഐക്യരാഷ്ട്രസഭയുടെ അഭയാർഥി രജിസ്ട്രേഷൻ കാർഡുകളും അധികൃതർ പിടിച്ചെടുത്തുവെന്നും ഇവരിൽ ആറുപേർ പറഞ്ഞു.
പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജമ്മു-കശ്മീർ, ആന്ധ്രപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിലെത്തിയവരാണ് മൂന്നുപേർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.