ഓട്ടോ ഡ്രൈവർമാർക്ക് 220 കോടിയുടെ ഭവന പദ്ധതി; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ
text_fieldsഹൈദരാബാദ്: നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ പദ്ധതി വരുന്നു. ഹൈദരാബാദിലെ ഓട്ടോ ഡ്രൈവർമാർക്ക് കുറഞ്ഞ നിരക്കിൽ ഭവനം ലഭ്യമാക്കുന്ന പുതിയ പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്.
നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് താങ്ങാനാവുന്ന വിലയിൽ മാന്യമായ വീടുകൾ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഡ്രൈവർ കുടുംബങ്ങൾക്ക് സ്ഥിരമായ താമസസ്ഥലവും സുരക്ഷിത ഭവനവും ലഭ്യമാക്കാനാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. നഗരത്തിലെ തന്നെ നാല് പ്രധാന സ്ഥലങ്ങളിലായിരിക്കും ഭവനങ്ങൾ നിർമിക്കുക. ഇതിനായി 220 കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. ഓട്ടോ നഗർ കോളനി എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.
നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ ദീർഘകാലമായുള്ള ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് ഈ പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അപേക്ഷാ നടപടികളും അധികൃതർ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

