വിമര്‍ശകരെ ഏറെ ബഹുമാനിക്കുന്നയാളാണ് താനെന്ന് മോദി
text_fieldsന്യൂഡൽഹി: വിമര്‍ശകരെ ഏറെ ബഹുമാനിക്കുന്നയാളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, വിമര്‍ശകര്‍ വളരെ കുറവാണെന്നതാണ് സങ്കടകരമെന്നും അദ്ദേഹം പറഞ്ഞു. ഓപണ്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ അഭിപ്രായപ്രകടനം.
സത്യസന്ധമായ മനസ്സോടെ വിമര്‍ശകരെ ഏറെ ബഹുമാനിക്കുന്നയാളാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ വിമര്‍ശകര്‍ പറ്റെ കുറവാണ്. കൂടുതല്‍ പേരും ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ആ വിഷയത്തെക്കുറിച്ച് ഏറെ പഠിക്കേണ്ടതുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് ഇവിടെ നടക്കുന്നില്ല.
വേഗതയേറിയ പുതിയ കാലത്ത് ആളുകള്‍ക്ക് അതിനൊന്നും സമയമില്ല. അതുകൊണ്ടായിരിക്കും എനിക്ക് വിമര്‍ശനങ്ങള്‍ കുറഞ്ഞ് ആരോപണങ്ങള്‍ മാത്രമായി ഒതുങ്ങിയത് -അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. തീരുമാനങ്ങളിലെ വിമര്‍ശകരെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോദി.
ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് വാക്‌സിനേഷന്‍ ഡ്രൈവ് എത്ര വിജയകരമായാണ് നടക്കുന്നത്. മാധ്യമങ്ങള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ ഇനിയും സമയമെടുക്കുമെന്നും വാക്‌സിന്‍ പ്രക്രിയ രാജ്യത്തെ ജനങ്ങളുടെ സഹകരണം പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് എവിടെയും വാക്‌സിന് അനുമതി നല്‍കാതിരുന്ന സമയത്ത് നമ്മള്‍ 2020 മെയ് മാസത്തില്‍ തന്നെ വാക്‌സിനേഷന്‍ ഡ്രൈവിനായി ആസൂത്രണം ചെയ്യാന്‍ തുടങ്ങി. ഇത് വേഗത്തിലും കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഗ്രാമത്തിലുള്ള ഒരാള്‍ക്ക് ജോലി ആവശ്യാര്‍ത്ഥം നഗരത്തില്‍ വന്നാലും അവിടെനിന്നും അയാള്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാവുന്ന രീതിയില്‍ നമ്മുടെ സാങ്കേതിക വിദ്യ വളർന്നിട്ടുണ്ട്. വാക്‌സിനേഷന്‍റെ നട്ടെല്ല് സാങ്കേതിക വിദ്യയുടെ വികാസം തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.