‘ഞാൻ സന്യാസി ആയതുകൊണ്ട് മാത്രം അതിജീവിച്ചു, ദൈവമാണ് ഈ കേസിൽ പോരാടിയത്’ -മാലേഗാവ് കേസിൽ വെറുതെ വിട്ട പ്രജ്ഞ സിങ്
text_fieldsമുംബൈ: താൻ സന്യാസി ആയതുകൊണ്ട് മാത്രമാണ് 17 വർഷം നീണ്ട കേസിനെ അതിജീവിച്ചതെന്ന് മാലേഗാവ് സ്ഫോടന കേസിൽ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട മുൻ ഭോപാൽ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂർ. “പൊലീസ് പിടികൂടിയത് മുതൽ എന്റെ ജീവിതം നശിപ്പിക്കുന്ന തരത്തിൽ ഞാൻ പീഡിപ്പിക്കപ്പെട്ടു. 17 വർഷമായി സന്യാസി ജീവിതം നയിക്കുന്ന എന്നെ ആളുകൾ തീവ്രവാദിയായി കാണുന്നുണ്ടായിരുന്നു. ഞാൻ ഒരു സന്യാസി ആയതുകൊണ്ട് മാത്രം അതിജീവിച്ചു. ഭഗവാനാണ് എനിക്ക് വേണ്ടി ഈ കേസിൽ പോരാടിയത്’ -പ്രജ്ഞ കോടതിയിൽ പറഞ്ഞു.
‘കുറഞ്ഞപക്ഷം ഈ കോടതിയെങ്കിലും എന്നെ കേട്ടു. കാവി തീവ്രവാദി എന്ന് വിളിച്ചവരോട് ദൈവം ഒരിക്കലും ക്ഷമിക്കില്ല. ഞാനല്ല, കാവിയാണ് ഈ കേസിൽ ജയിച്ചത്’ -പ്രജ്ഞ പറഞ്ഞു.
സംശയായതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെയാണ് സ്ഫോടന കേസിൽ മുഖ്യപ്രതിയായിരുന്ന പ്രജ്ഞാ സിങ് ഠാക്കൂറിനെ എൻ.ഐ.എ കോടതി വെറുതെ വിട്ടത്. മാലേഗാവ് ബിക്കുചൗക്കിൽ 2008 സെപ്റ്റംബർ 29ന് ചെറിയ പെരുന്നാൾ തലേന്ന് രാത്രിയായിരുന്നു കേസിനാസ്പദമായ സ്ഫോടനം. ആറുപേർക്ക് ജീവൻ സഷ്ടമാവുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർക്കറ്റിൽ തിരക്കുള്ള സമയത്താണ് എൽ.എം.എൽ ഫ്രീഡം മോട്ടാർസൈക്കിളിൽ സ്ഥാപിച്ച ബോംമ്പ് പൊട്ടിത്തെറിച്ചത്. എന്നാൽ, എൽ.എം.എൽ ഫ്രീഡം ബൈക്കിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്നും ആ ബൈക്കിന്റെ ഉടമ പ്രാജ്ഞ സിങ് താക്കൂർ ആണെന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്ഫോടനത്തിനു രണ്ടുവർഷം മുമ്പ് അവർ സന്യാസിയായതിനാൽ ബൈക്ക് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഫോടനത്തിന് ആർ.ഡി.എക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കൾ തരപ്പെടുത്തിയത് പുരോഹിതാണെന്നും തെളിയിക്കാൻ കഴിഞ്ഞില്ല. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതും ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം വീതാവും സർക്കാർ നൽകണമെന്ന് എൻ.എ.എ കോടതി ഉത്തരവിട്ടു. പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക എൻ.ഐ.എ കോടതി ഇന്ന് വെറുതെ വിട്ടത്. കേസിൽ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്.
മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് മാലേഗാവ് സ്ഫോടന കേസ് പ്രതികളെ പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞസിങ്ങിലേക്ക് നയിച്ചത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നായിരുന്നു കുറ്റപത്രം. 11 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.
2011ൽ എൻ.ഐ.എ കേസേറ്റെടുത്തതോടെ, നാലുപേരെ ഒഴിവാക്കുകയും കേസിൽ മകോക നിയമം പിൻവലിക്കുകയും ചെയ്തു. പ്രജ്ഞ സിങ്ങിനെയും കേസിൽ നിന്ന് ഒഴിവാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പിന്നീട് പ്രജ്ഞ സിങ്ങിനെ ബി.ജെ.പി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ ഭോപാൽ സീറ്റിൽ മത്സരിപ്പിച്ച് എം.പിയാക്കിയിരുന്നു.
323 സാക്ഷികളിൽ 30 ഓളം പേർ വിചാരണക്കുമുമ്പ് മരിച്ചു. ശേഷിച്ചവരിൽ 37 പേർ വിചാരണക്കിടെ, കൂറുമാറുകയും ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമം, യു.എ.പി.എ, സ്ഫോടന വസ്തു നിയമങ്ങൾ പ്രകാരമാണ് വിചാരണ നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.